സംസ്കൃത സ‍ർവ്വകലാശാലയിൽ ജെൻഡർ ഓഡിറ്റ് സമാപിച്ചു

Spread the love

1) സംസ്കൃത സ‍ർവ്വകലാശാലയിൽ എസ്. സി. /എസ്. ടി. ഒഴിവുകളിൽ പിഎച്ച്.ഡി. പ്രവേശനം : പ്രവേശന പരീക്ഷ 17ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പിച്ച്. ഡി. പ്രോഗ്രാമുകളിൽ നിലവിൽ ഒഴിവുളള സംവരണ ഒഴിവുകളിലേയ്ക്കുളള പ്രവേശന പരീക്ഷ ജനുവരി 17ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 18ന് ഇന്റർവ്യൂ നടക്കും. മുൻ വിജ്ഞാപനപ്രകാരമുളള പ്രവേശന പ്രക്രിയയ്ക്കു ശേഷവും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് യോഗ്യരായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുളള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15. വിജ്ഞാപനപ്രകാരം അപേക്ഷിക്കുകയും യോഗ്യത ലിസ്റ്റിൽ ഇടം നേടുകയും ചെയ്ത അപേക്ഷകരെ വീണ്ടും പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും അവരുടെ താത്പര്യാർത്ഥം ഒഴിവാക്കി നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അവരുടെ മുൻ പ്രവേശന പരീക്ഷ മാർക്കുകൾ ഉയർത്തുവാൻ താത്പര്യമുളളവർക്ക് വീണ്ടും പ്രവേശന പരീക്ഷ എഴുതാവുന്നതാണ്. ഇപ്രകാരം വീണ്ടും പ്രവേശന പരീക്ഷ എഴുതുന്നവരുടെ പ്രവേശന പരീക്ഷകളിലെ ഏറ്റവും ഉയർന്ന മാർക്ക് പ്രവേശന പ്രക്രിയയ്ക്ക് പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

2) സംസ്കൃത സ‍ർവ്വകലാശാലയിൽ ജെൻഡർ ഓഡിറ്റ് സമാപിച്ചു.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സംഘടിപ്പിച്ച ജെൻഡർ ഓഡിറ്റ് സമാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒൻപതിന് ആരംഭിച്ച നടപടിക്രമങ്ങൾ ഓഡിറ്റ് ടീം പൂർത്തിയാക്കി. നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് സർവ്വകലാശാലയിൽ ആദ്യമായാണ് ജെൻഡർ ഓഡിറ്റ് നടത്തുന്നത്. സർവ്വകലാശാലയുടെ വൈസ് ചാൻസലർ ഉൾപ്പെടെയുളള ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ, വിദ്യാർത്ഥികൾ, ഗവേഷക‍ർ, അധ്യാപക‍ർ, യൂണിയൻ ഭാരവാഹികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുമായി നേരിട്ട് സംവദിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. കൂടാതെ സർവകലാശാല കാന്റീൻ, ലൈബ്രറി, ജിംനേഷ്യം, ഓഡിറ്റോറിയം, ക്ലാസ്മുറികൾ എന്നിവ ഓഡിറ്റ് ടീം സന്ദർശിച്ചു. ഡോ. ലയന എസ്. ആനന്ദ് (അസിസ്റ്റന്റ് പ്രൊഫസർ, സ്ത്രീ പഠന വിഭാഗം, കാലിക്കറ്റ് സർവ്വകലാശാല), ഡോ. ആശ ആച്ചി ജോസഫ് (ഡീൻ, എസ്. എച്ച്. സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ, എസ്. എച്ച്. കോളേജ്, തേവര), കെ. സി. സന്തോഷ് കുമാർ (ജെൻഡർ കൺസൾട്ടന്റ്) എന്നിവരടങ്ങിയ ടീമാണ് സർവ്വകലാശാലയിൽ ജൻഡർ ഓഡിറ്റ് നടത്തുന്നത്. അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം ഓഡിറ്റ് ടീം സർവ്വകലാശാലയ്ക്ക് സമർപ്പിക്കും. പ്രാഥമിക റിപ്പോർട്ട് വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണന് ഓഡിറ്റ് ടീം അംഗങ്ങൾ കൈമാറി. രജിസ്ട്രാർ ഡോ. പി. ഉണ്ണിക്കൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. ശ്രീകാന്ത്, ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് കോ-ഓ‍ഡിനേറ്റർ പ്രൊഫ. കെ.എം. ഷീബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ് : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സംഘടിപ്പിച്ച ജെൻഡർ ഓഡിറ്റിന്റെ പ്രാഥമിക റിപ്പോർട്ട് ഓഡിറ്റ് ടീം അംഗങ്ങളായ ഡോ. ലയന എസ്. ആനന്ദ്, ഡോ. ആശ ആച്ചി ജോസഫ്, കെ. സി. സന്തോഷ് കുമാർ എന്നിവർ ചേർന്ന് വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണന് കൈമാറുന്നു. രജിസ്ട്രാർ ഡോ. പി. ഉണ്ണിക്കൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. ശ്രീകാന്ത്, ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് കോ-ഓ‍ഡിനേറ്റർ പ്രൊഫ. കെ.എം. ഷീബ എന്നിവർ സമീപം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *