39-ാ മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. കായിക മേളയുടെ ഉദ്ഘാടനം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
കേരളത്തിൽ മികച്ച കായിക സംസ്‌കാരം ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന് ഏറ്റവും വലിയ ഉദാഹരമാണ് അടുത്ത ദിവസങ്ങളിൽ കേരളത്തിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടി. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സ്റ്റേഡിയങ്ങളെ മികച്ച രീതിയിൽ നവീകരിക്കുകയും ഓരോ പഞ്ചായത്തുകളിലും കളിക്കളങ്ങൾ വികസിപ്പിക്കുകയും ചെയ്ത് നവീനമായ കായിക സംസ്‌കാരത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കായിക സംസ്‌കാരം ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നത് നവകേരള സൃഷ്ടിയുടെ പ്രധാനപ്പെട്ട ആശയങ്ങളിൽ ഒന്നാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മസ്തിഷ്‌കവും മനസും ഉണ്ടാകൂ. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് കായിക ആരോഗ്യവും അനിവാര്യമാണ്. കായിക പ്രതിഭകൾക്ക് വേണ്ടി മാത്രമല്ല സ്‌കൂൾ, കോളേജ് തലത്തിലുള്ള ഓരോ കുട്ടികളുടെയും കായിക മികവ് വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി വളർത്തിയെടുക്കണമെന്ന കാഴ്ചപ്പാടോടു കൂടിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്.
അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാർഥികൾക്കും സ്‌പോർട്‌സിലും ഫിസിക്കൽ എജ്യൂക്കേഷനിലും പരിശീലനം ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.