എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വൈറ്റില മോഡലില്‍ നവീകരിക്കും

Spread the love

എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ആധുനികീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മോഡൽ മൊബിലിറ്റി ഹബ്ബ് നിർമ്മാണം ഫെബ്രുവരി ആദ്യവാരത്തിൽ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരവും സന്ദർശിച്ച ശേഷം ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെയും എറണാകുളം ജില്ലയുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളൊന്നായ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ പ്രായോഗികമായ തടസ്സങ്ങൾ മൂലമാണ് നീണ്ടുപോയത്. പ്രായോഗിക തടസ്സങ്ങൾ മാറ്റി നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിന്റെ ഭാഗമായാണ് സ്ഥല പരിശോധന നടത്തിയത്.എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ നിർദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നൽകും. ഫുട്പാത്ത് ഭൂമി കെ.എസ്.ആർ.ടി.സി വിട്ടു നൽകും. ബുധനാഴ്ച (ജനുവരി 17 ) കെഎസ്ആർടിസി മൊബിലിറ്റി ഹബിന് സ്ഥലം കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 20 ദിവസത്തിനുള്ളിൽ ഡി പി ആർ തയ്യാറാക്കും. തുടർന്ന് ജനുവരി 29ന് തിരുവനന്തപുരത്ത് വച്ച് ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ എം ഒ യു ഒപ്പിടുമെന്നും മന്ത്രി പറഞ്ഞു.കാരിക്കാമുറിയിലെ ഭൂമിയിൽ കെ.എസ്.ആർ.ടി.സി. ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല.സ്മാർട്ട് സിറ്റി ബോർഡിൻ്റെ 12 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടപ്പിലാക്കുന്നത്. പുതിയ സ്റ്റാൻഡിൽ ബസ് ഷെൽട്ടർ, യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം, ടോയ്ലറ്റ് തുടങ്ങിയവയും ഒരുക്കും. സ്വകാര്യ കെഎസ്ആർടിസി ബസുകൾക്ക് വന്ന് പോകുന്നതിനുള്ള സംവിധാനം ഒരുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *