കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2022 ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തിയത് ഏറെ അഭിമാനകരമായ കാര്യമാണ്. റാങ്കിങ് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാരംഭിച്ചതിനു ശേഷമുള്ള നാലാം പതിപ്പിലാണ് കേരളം ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നത്. ഇതിനു മുൻപുള്ള വർഷങ്ങളിലെല്ലാം ടോപ് പെർഫോർമറായും കേരളത്തെ തെരഞ്ഞെടുത്തിരുന്നു.
ഗുജറാത്ത്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോടൊപ്പം കേരളം ഒന്നാം സ്ഥാനം പങ്കിട്ടെടുത്തിരിക്കുകയാണ്. നിലവാരമുള്ളതും മികവുറ്റതുമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമൊരുക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾക്കുള്ള അംഗീകാരമാണ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം. ലോകോത്തര നിലവാരമുള്ള ഇൻകുബേഷൻ സൗകര്യങ്ങളും സൂപ്പർ ഫാബ്‌ലാബും സാമ്പത്തിക പിന്തുണയുമടക്കം സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഒരുപാട് സംവിധാനങ്ങളാണ് കേരളത്തിൽ ഒരുക്കിയിട്ടുള്ളത്. ഇവയിൽ പലതിനും അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിക്കുകയുമുണ്ടായി.
കേരളത്തിന്റെ സമഗ്രമായ സാമൂഹിക പുരോഗതിക്ക് വ്യവസായികമായ മുന്നേറ്റം അനിവാര്യമാണ്. ഈ വികസനക്കുതിപ്പിനായി വിവിധ നടപടികൾ സർക്കാർ കൈക്കൊണ്ടുവരുന്നു. ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിലെ കേരളത്തിന്റെ മികച്ച പ്രകടനം.