ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023-2024 സാമ്പത്തിക വർഷം132 പേർക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും.
സ്വയംതൊഴിൽ വായ്പക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന 25000 രൂപവീതം ധനസഹായമായി നൽകുന്നത്. ഈ സാമ്പത്തികവർഷം അപേക്ഷ സമർപ്പിച്ച അർഹരായ മുഴുവൻ പേർക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്.
732 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് 5000 രൂപ വീതം 36.6 ലക്ഷം രൂപ പ്രൊഫിഷ്യൻസി അവാർഡും 202 ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്ക് 10.10 ലക്ഷം രൂപ ലോട്ടറി ധനസഹായവും നൽകിയതിനു പിന്നാലെയാണ് ആശ്വാസമായി 132 കുടുംബങ്ങൾക്ക് 33 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. അർഹരായ ഗുണഭോക്താകളുടെ പട്ടിക www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 9497281896.