കുടുംബശ്രീ സംഘടിപ്പിക്കുന്ന ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം ‘തില്ലാന-2024′ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബഡ്സ് വിദ്യാര്‍ഥികള്‍ക്കായി അടുത്തവര്‍ഷം മുതല്‍ കായികമേളയും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച കലോത്സവം ഇതിനോടകം വലിയശ്രദ്ധ നേടി. കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ കായിക മികവുള്ള നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കായികരംഗത്തേക്ക് കൊണ്ടു വരുന്നതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനാകും. കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനോടൊപ്പം കായികമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഇടമായി കായികമേള മാറുമെന്നും മന്ത്രി പറഞ്ഞു.
നിരന്തരമായ പരിശീലനത്തിലൂടെ അഞ്ച് വര്‍ഷം കൊണ്ട് കലാരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ സാധാരണ കുട്ടികളെ പോലെ ബഡ്സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും സാധിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാമൂഹിക മുന്നേറ്റത്തിനൊപ്പം സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. അതിനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും സ്വന്തമായി ഉപജീവനമാര്‍ഗമൊരുക്കാനും അതുവഴി അവരെ സമഗ്രവികാസം കൈവരിക്കാന്‍ സഹായിക്കുന്നതുമാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.
തില്ലാനയില്‍ ബഡ്സ് ഉല്‍പന്ന മേളയുംകലയ്‌ക്കൊപ്പം കരവിരുതിന്റെയും വേദിയാവുകയാണ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടക്കുന്ന തില്ലാന’ സംസ്ഥാന ബഡ്സ് കലോത്സവം. ബഡ്സ് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയാണ് ശ്രദ്ധേയമാകുന്നത്.കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന ബഡ്സ് ഉപജീവന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച നോട്ട്ബുക്ക്, നോട്ട്പാഡ്, പേപ്പര്‍ പേന, ഓഫീസ് ഫയല്‍, ചവിട്ടി, മെഴുകുതിരി, ഡിഷ് വാഷുകള്‍, സോപ്പ്, അച്ചാര്‍, പേപ്പര്‍ ബാഗ്, കുട, തുണി സഞ്ചി, ആഭരണങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, എംബോസ് പെയിന്റിങുകള്‍ തുടങ്ങിയവയാണ് മേളയിലുള്ളത്. വിവിധ ജില്ലകളില്‍ നിന്നുള്ള സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.കുടുംബശ്രീ ഔട്ട്‌ലെറ്റുകള്‍ മുഖേനയും വിവിധ മേളകളിലൂടെയുമാണ് ബഡ്സ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. കില, കുടുംബശ്രീ മിഷന്‍ എന്നിവയുടെ പരിശീലന പരിപാടികളില്‍ ഉള്‍പ്പെടെ ബഡ്സ് പേപ്പര്‍ പേനകള്‍, പാഡുകള്‍ തുടങ്ങിയവ ലഭ്യമാക്കാറുണ്ട്. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ഇതള്‍ എന്ന ബ്രാന്റില്‍ ബഡ്സ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഇത് സംസ്ഥാനമാകെ വ്യാപിപ്പിച്ച് ‘ഇതള്‍’ ഏകീകൃത ബ്രാന്‍ഡ് സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.