സ്‌ട്രോക്ക് ബാധിച്ച ശബരിമല തീര്‍ത്ഥാടകന് തുണയായി ആരോഗ്യ വകുപ്പ്

Spread the love

തമിഴ്‌നാട് സ്വദേശിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു.

തിരുവനന്തപുരം: സ്‌ട്രോക്ക് ബാധിച്ച തമിഴ്‌നാട് ഈറോഡ് സ്വദേശിയും ശബരിമല തീര്‍ത്ഥാടകനുമായ സമ്പത്തിനെ (60) ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി. ഇന്നലെ രാവിലെയാണ് ശരീരത്തിന്റെ വലതുവശത്ത് തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍, പെരുപ്പ് എന്നീ രോഗ ലക്ഷണങ്ങളോടെ സമ്പത്തിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നല്‍കി. സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നല്‍കാനായത് കൊണ്ടാണ് ശരീരം തളര്‍ന്ന് പോകാതെ രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പക്ഷാഘാത നിയന്ത്രണ പദ്ധതിയായ ശിരസ് വഴി സൗജന്യ ചികിത്സയാണ് സമ്പത്തിന് നല്‍കിയത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാന്‍ലി ജോര്‍ജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ഈ ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ ശരീരം തളരുകയോ മരണംവരെ സംഭവിക്കുകയോ ചെയ്യാം. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ശിരസ് പദ്ധതി ആരംഭിച്ചതും ജില്ലകളിലെ ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചതും. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 10 ജില്ലകളില്‍ സ്‌ട്രോക്ക് യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 125 ഓളം പേര്‍ക്കാണ് ഇതുവരെ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നല്‍കിയിട്ടുള്ളത്. ആദ്യമായാണ് ഒരു ജില്ലാ, ജനറല്‍ ആശുപത്രി ഈയൊരു നേട്ടം കൈവരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *