ആലപ്പുഴ: അസാപ് കേരളയുടെ നിർമ്മാണം പൂർത്തിയായ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കും ആലപ്പുഴ എം.എൽ.എ യുടെ 2022-23 ആസ്തി വികസന ഫണ്ടിൽ നിർമ്മിച്ച ഇ-ലേർണിംഗ് ലാബിന്റെ ഉദ്ഘാടനവും 2024 ജനുവരി 23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബഹു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. ആലപ്പുഴ എം.എൽ.എ പി പി ചിത്തരഞ്ജന്റെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് വിശിഷ്ടാതിഥിയാകും.
നൂതന തൊഴിൽ മേഖലകളിലേക്ക് എത്തിപ്പെടാൻ അഭ്യസ്തവിദ്യരും തൊഴിൽപരിജ്ഞാനമുള്ളവരുമായ യുവജനതയെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഫലപ്രദമായ ഇടപെടലാണ് അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള. അസാപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തിൽ നടപ്പിലാക്കുന്ന, മികവുറ്റതും നൂതനവുമായ തൊഴിൽപരിശീലന കേന്ദ്രങ്ങളാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ.
ഇത്തരത്തിൽ ഏഷ്യൻ ഡെവലപ്മെൻറ്റ് ബാങ്കിന്റെ സഹായത്തോടെ വിഭാവനം ചെയ്ത 16 സ്കിൽ പാർക്കുകളിൽ നിർമ്മാണം പൂർത്തിയാക്കിയ 15 ആമത്തെ പാർക്കാണ് ഉൽഘാടനത്തിന് തയ്യാറായിട്ടുള്ള ആലപ്പുഴ ചെറിയ കലവൂരിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക്. ഒരു ഏക്കറോളം വരുന്ന ജില്ലാ പഞ്ചായത്ത് വക സ്ഥലത്ത് ദേശീയ പാതയിൽ നിന്നും മുന്നൂറു മീറ്റർ മാത്രം ദൂരത്തിലാണ് സ്കിൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.
ഇ-ലേർണിംഗ് ലാബ്.
ആലപ്പുഴയെ ഐ ടി, ഇതര മേഖലയിൽ മുന്നോട്ടു നയിക്കേണ്ട ആവശ്യം മനസിലാക്കിയാണ് ആലപ്പുഴ MLA പി.പി.ചിത്തരഞ്ജന്റെ 2022-23 ആസ്തി വികസന ഫണ്ടിൽനിന്നും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഇ-ലേർണിംഗ് ലാബ് കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നിർമ്മിച്ചിട്ടുള്ളത്. 1.09 കോടി രൂപ ചിലവിൽ പദ്ധതി നിർവഹണം പൂർത്തിയാക്കിയത് സർക്കാർ ഏജൻസിയായ കെൽട്രോൺ ആണ്. പ്രസ്തുത ചടങ്ങിൽ ഇ-ലേർണിംഗ് ലാബ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി നാടിനു സമർപ്പിക്കും. ഇ-ലേർണിംഗ് പാർക്കിലൂടെ ആലപ്പുഴ മണ്ഡലത്തെ ഒരു സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമാക്കാനാണു ലക്ഷ്യം.
സ്കിൽ പാർക്കിലെ സൗകര്യങ്ങൾ.
മൂന്ന് നിലകളിലായി, 28,952 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സജ്ജമായിട്ടുള്ളത്.