പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കായികവിഭവ ശേഷി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കേരള) ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, നിയമസഭ-പാര്‍ലമെന്റ് അംഗങ്ങള്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ അത്ലറ്റ് അശ്വിനി നാച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്‍, മിന്നു മണി എന്നിവര്‍ പങ്കെടുക്കും.

നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയുടെ ഭാഗമായി, 13 വിഷയങ്ങളില്‍ 105 കോണ്‍ഫറന്‍സുകളും സെമിനാറുകളും, സ്‌പോര്‍ട്‌സ് എക്‌സ്‌പോ, ചലച്ചിത്രോത്സവം എന്നിവയും നടക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധരടക്കം 1000ഓളം പ്രതിനിധികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി എല്ലാ ദിവസം വൈകുന്നേരം വിവിധ കലാപരിപാടികളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ആര്‍ച്ചറി, ഓട്ടോക്രോസ്സ്, കുതിരയോട്ട മത്സരം, ആം റെസ്റ്റിലിങ്, ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങിയവയും ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഉച്ചകോടിയുടെ ആദ്യ ദിവസം വൈകുന്നേരം പ്രശസ്ത നര്‍ത്തകി ഡോ രാജശ്രീ വാരിയറും പ്രകാശ് ഉള്ള്യേരിയും നയിക്കുന്ന മെഗാ കള്‍ച്ചറല്‍ ഫ്യൂഷന്‍ ലയം അരങ്ങേറും. കലയും പരമ്പരാഗത കായിക വിനോദവും ഒത്തൊരുമിച്ചുള്ള അവതരണമാണ് ലയം. നൃത്തത്തിന്റെ ചുവടുകളിലൂടെ കേരളീയ നാടന്‍ കളികളെ അവതരിപ്പിച്ചു കൊണ്ട് സംഗീതത്തിന്റെ ലയവിന്യാസത്തിലൂടെ വഞ്ചിപാട്ടിന്റെ അകമ്പടിയോടെയുള്ള നൃത്ത സംഗീതാണ് ലയം. തുടര്‍ന്ന് 6 മണിക്ക് ചെമ്മീന്‍ ബാന്‍ഡിന്റെ പെര്‍ഫോമന്‍സ് ഉണ്ടാകും.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഐ എം വിജയന്‍, ബൈച്ചുങ് ബൂട്ടിയ, സി കെ വിനീത്, ബാസ്‌കറ്റ്ബാള്‍ താരം ഗീതു അന്ന ജോസ്, ഗഗന്‍ നാരംഗ്, രഞ്ജിത്ത് മഹേശ്വരി, ദേശീയ അത്ലറ്റിക്‌സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ, മുന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍, ഇന്ത്യന്‍ അത്ലറ്റിക് ടീം കോച്ച് രാധാകൃഷ്ണന്‍ നായര്‍, മുന്‍ ക്രിക്കറ്റ് അമ്പയര്‍ കെ എന്‍ രാഘവന്‍, നിവിയ സ്‌പോര്‍ട്‌സ് സി ഇ ഓ രാജേഷ് കാര്‍ബന്ധെ, റിയല്‍ മാഡ്രിഡ് സെന്റര്‍ പരിശീലകന്‍ ബഹാദൂര്‍ ഷാഹിദി ഹാങ്ങ്ഹി, എ സി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലി ക്യാണ്ടേല , റിയല്‍ മാഡ്രിഡ് മുന്‍ തരാം മിഗ്വേല്‍ കോണ്‍സല്‍ ലാര്‍സണ്‍ തുടങ്ങിയവര്‍ ഉച്ചകോടിയിലെത്തും.

കായിക സമ്പദ്ഘടന, കായിക വ്യവസായം, കായികമേഖലയിലെ നിര്‍മിത ബുദ്ധി, ഇ സ്‌പോര്‍ട്‌സ്, മറ്റ് സാങ്കേതിക മുന്നേറ്റങ്ങള്‍, തനത് കായിക ഇനങ്ങളും വിനോദസഞ്ചാരവും, ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ് തുടങ്ങിയ പരിപാടികള്‍ നടക്കും. മൂന്നാം ദിനം കായികമേഖലയുടെ സുസ്ഥിര വികസനം, ലീഗില്‍ നിന്നുമുള്ള പാഠങ്ങള്‍, കായിക മേഖലയുടെ താഴെക്കിടയിലുള്ള വികസനം, കായികമേഖലയിലെ മേന്മ, എഞ്ചിനീയറിംഗ്, മാനേജ്മന്റ്, ടെക്‌നോളജിയുടെ സ്വാധീനവും വളര്‍ച്ചയും, കായിക ആരോഗ്യവും ചികിത്സയും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടാകും. നാലാം ദിനം ഇതിഹാസ താരങ്ങളുമായുള്ള സംവാദം, കായിക അക്കാദമികള്‍ ഹൈ പെര്‍ഫോമിംഗ് സെന്റര്‍, മാധ്യമങ്ങളും കായികവും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടാകും.

സ്റ്റാര്‍ട്ടപ്പ് പിച്ച്, ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ്, എക്‌സിബിഷന്‍, ബയര്‍ – സെല്ലര്‍ മീറ്റ്, ഇ സ്‌പോര്‍ട്‌സ് ഷോക്കേസ്, സ്‌പോര്‍ട്‌സ് കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കിങ്, സ്‌പോര്‍ട്‌സ് പ്രമേയമായ സിനിമകളുടെ പ്രദര്‍ശനം, ഹെല്‍ത്തി ഫുഡ് ഫെസ്റ്റിവല്‍, മോട്ടോര്‍ ഷോ തുടങ്ങിയവയാണ് അന്താരാഷ്ട്ര കായിക ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന പ്രധാന പരിപാടികള്‍.

Adarsh Chandran, Divya Raj

 

Author

Leave a Reply

Your email address will not be published. Required fields are marked *