പ്രശസ്ത മലയാളകവയിത്രിയും സാമൂഹിക,പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ നവതിയാഘോഷത്തിന്റെ ഭാഗമായി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ ജനുവരി 25ന് ”സുഗത സ്മൃതി സായാഹ്നം” സംഘടിപ്പിക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം 5.30ന് കെപിസിസി ആസ്ഥാനത്ത് നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എകെ ആന്റണി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും പ്രമുഖ സാഹിത്യകാരന്മാര്‍,കലാകാരന്മാര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പിയും ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ അഡ്വ.പഴകുളം മധുവും അറിയിച്ചു.
സുഗതകുമാരിയുടെ മണലില്‍ തീര്‍ത്ത ശില്പത്തിന് ചുറ്റും സാംസ്‌കാരിക-കലാസാഹിത്യ-രാഷ്ട്രീയ മേഖലകളിലെ 90 പ്രമുഖ വ്യക്തികള്‍ 90 മണ്‍ചിരാതുകള്‍ തെളിയിക്കും.പ്രശസ്ത സംഗീതജന്‍ ഡോ. മണക്കാല ഗോപാല കൃഷ്ണന്റെ നേതൃത്വത്തില്‍ സുഗതകുമാരി കൃതികളുടെ ശാസ്ത്രീയ സംഗീതാവിഷ്‌ക്കരണം ,90 ഫലവൃക്ഷ തൈകളുടെ വിതരണം,പ്രമുഖരുടെ അനുസ്മരണം പ്രഭാഷണങ്ങള്‍ തുടങ്ങിയവ ”സുഗത സ്മൃതി സായാഹ്നം” എന്ന പരിപാടിയുടെ ഭാഗമായി നടത്തും.സുഗതകുമാരി മുന്‍കയ്യെടുത്തു നേതൃത്വം നല്‍കിയ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, എന്നിവ നവതി ആചരണത്തിന്റെ ഭാഗമായി പതിനാലു ജില്ലകളിലും സംഘടിപ്പിക്കും.കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സുഗതകുമാരി സാഹിത്യ സമ്മാനം എല്ലാ വര്‍ഷവും വിതരണം ചെയ്യും.