വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം; കേരളത്തിന്റെ നേട്ടങ്ങൾ അഭിമാനംകൊള്ളിക്കുന്നതെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ

Spread the love

ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സഞ്ചാര മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അഭിമാനംകൊള്ളിക്കുന്നതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വർണാഭമായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു.
ആരോഗ്യ മേഖലയിൽ നാഷണൽ ഹെൽത്ത് കെയർ – ആരോഗ്യ മന്ഥൻ പുരസ്‌കാരങ്ങൾ, ആശുപത്രികൾക്കു ലഭിച്ച നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്(എൻ.ക്യു.എ.എസ്.) സർട്ടിഫിക്കറ്റ്, ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം പുരസ്‌കാരം, സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡെക്സ്(പി.ഐ.ജി.) റിപ്പോർട്ടിൽ രണ്ടാം സ്ഥാനം എന്നിവ കേരളം നേടിയത് അഭിമാനം കൊള്ളിക്കുന്നതാണെന്നു റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. അഞ്ചു വർഷത്തിനിടെ 13.5 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽനിന്നു കരയേറ്റാനും 78 ലക്ഷത്തിലധികം വീടുകൾ നിർമിക്കാനും രാജ്യത്തിനു കഴിഞ്ഞതിൽ പി.എം.എ.വൈ – ലൈഫ് മിഷൻ വഴി മൂന്നര ലക്ഷം വീടുകൾ നൽകാൻ കേരളത്തിനു കഴീഞ്ഞു. ലോകത്തെ മൂന്നാമത്തെ വലുതും 340 ബില്യൺ യു.എസ്. ഡോളറിന്റെ മൂല്യവുമുള്ളതാണ് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം. സംസ്ഥാനങ്ങൾക്കിടയിലെ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഒരു സംസ്ഥാനമായി കേരളം ഈ നേട്ടത്തിനു സംഭാവന നൽകുന്നതിൽ സന്തോഷമുണ്ട്.

സമ്പൂർണ ഇ-ഗവേണൻസ്, യോഗ്യതയുള്ള എല്ലാവർക്കും ഡിജിറ്റൽ ബാങ്കിങ് പ്രാപ്തമാക്കൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു ക്ഷേമനിധി, ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിലെ ഒന്നാം സ്ഥാനം, അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിലെ നേട്ടം തുടങ്ങിയവ വിവിധ മേഖലകളിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കേരളത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. പരസ്പര ബഹുമാനത്തിന്റെയും മനസിലാക്കലിന്റെയും അടിസ്ഥാനത്തിൽ ക്രിയാത്മക പൊതുസംവാദം നടക്കുന്ന ആരോഗ്യകരമായ ജനാധിപത്യം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് ഇത്തരമൊരു ഉന്നത വിജയം നേടിയ സംസ്ഥാനത്തെ ജനങ്ങൾക്കു നിർബന്ധമാണ്.വിയോജിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാൽ അതു ശാരീരികമോ വാക്കാലുള്ളതോ ആയ അക്രമത്തിലേക്ക് അധഃപ്പതിക്കുന്നതു ജനാധിപത്യത്തെ വഞ്ചിക്കുന്നതും പരാജയത്തിന്റെ പ്രതീകവുമാണ്. എതിർപക്ഷവുമായുള്ള ശത്രുതയും അധികാരത്തിനായുള്ള ആഭ്യന്തര കലഹങ്ങളും ഭരണത്തെ ബാധിക്കാൻ അനുവദിക്കുത്. അത് ഭാവി തലമുറയ്ക്കു മുന്നിൽ മോശം മാതൃക സൃഷ്ടിക്കുന്നതാകും. മുൻവിധികളിൽനിന്നു മനസിനെ ശുദ്ധീകരിക്കാനും ജീവിതത്തിനു ദിശാബോധം നൽകാനുമുള്ള ഒരേയൊരു മാർഗം വിദ്യാഭ്യാസമാണ്. അക്കാദമിക അന്തരീക്ഷം മലിനമാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ബാഹ്യ ഇടപെടലുകളിൽനിന്നു മുക്തമായതും പൂർണ സ്വയംഭരണാധികാരമുള്ളതുമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിന് ആവശ്യമാണ്. കൂടുതൽ പൗരബോധവും സഹാനുഭൂതിയും പാരസ്പര്യവും സമൂഹത്തിൽ വളർത്തിയെടുക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഷ്ട്രം പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോൾ സ്വീകാര്യ മനോഭാവം നമ്മിൽ ദൃഢമായി വളർത്തണം. നാം എല്ലാവരും മനുഷ്യരാണ്. എന്നാൽ കൂടുതൽ മനുഷ്യത്വമുള്ളവരായി മാറേണ്ടതു പ്രധാനമാണ്. ശരിയായ വിദ്യാഭ്യാസത്തിലൂടെയും സന്മാർഗങ്ങളിലൂടെയും മനുഷ്യനു സൂപ്പർമാനായും മനസിനു സൂപ്പർ മൈൻഡായും മാറാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു.

മന്ത്രിമാരായ വി. ശിവൻകുട്ടി, വി. അബ്ദുറഹിമാൻ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹെബ് തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *