വെള്ളരിക്കുണ്ട് താലൂക്കിൽ ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി

Spread the love

സംസ്ഥാനഭക്ഷ്യ കമ്മിഷൻ അംഗം എം. വിജയലക്ഷമിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഗോത്ര വർഗ ഊരുകൾ , സ്കൂളുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് കോളനി, ബളാൽ പഞ്ചായത്തിലെ വാളയിൽ കോളനി എന്നിവിടങ്ങളിലും മാലോത്തെ കസബ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലുമാണ് സംഘം സന്ദർശനം നടത്തിയത്.ഭക്ഷ്യ- സിവിൽസപ്ലൈസ്,ട്രൈബൽ വകുപ്പ്, വനം, ഐ.സി.ഡി. എസ്, പൊതുവിദ്യാഭ്യാസം, എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

കോളനികളിൽ പതിനഞ്ചിലധികം വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. റേഷൻ കടകളിലൂടെയുള്ള അന്ത്യോദയ അന്ന യോജന പദ്ധതി പ്രകാരം ലഭിക്കുന്ന അരിയുടെ ലഭ്യത, അംഗൻവാടികൾ വഴി കുട്ടികൾക്കും അമ്മമാർക്കുമുള്ള സൗജന്യ ഭക്ഷണ വിതരണം എന്നിവയെ കുറിച്ച് കുടുംബങ്ങളോട് അന്വേഷിച്ചു.

കോളനികളിൽ ഉപകുടുംബങ്ങൾക്ക് റേഷൻ കാർഡ് ലഭിക്കേണ്ടത് സംബന്ധിച്ച്, ആധാർ കാർഡില്ലാത്തതിനാൽ റേഷൻ കാർഡ് എടുക്കാൻ കഴിയാത്തത്, പഞ്ചസാര ലഭിക്കാത്തത് എന്നിവ സംബന്ധിച്ചുള്ള പ്രയാസങ്ങൾ കുടുംബങ്ങൾ അറിയിച്ചു.

റേഷൻ കാർഡ് ഇല്ലാത്ത ഉപകുടുംബങ്ങൾക്ക് ഇത് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. വിവിധ കാരണങ്ങളാൽ ആധാർ ലഭ്യമാക്കാത്തവർക്ക് പ്രത്യേക അനുമതി ലഭിച്ച ശേഷം പുതിയ റേഷൻ കാർഡുകൾ നൽകാമെന്ന് വീടുകളിൽ വെച്ച് തന്നെ ഉറപ്പു നൽകി. ഇതിനായി രേഖകൾ സഹിതം അടുത്ത ബുധനാഴ്ച സപ്ലൈ ഓഫിസിൽ ഹാജരാകണമെന്ന് അറിയിച്ചു. ഉപകുടുംബങ്ങൾക്കും അന്ന് തന്നെ കാർഡ് നൽകാമെന്ന് ഉറപ്പു നൽകി.
മാലോം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു. അരി സൂക്ഷിക്കുന്ന സ്ഥലം , പാചകപ്പുര, കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണം എന്നിവ നേരിൽ കണ്ട് വിലയിരുത്തി. പരിശോധന സംഘം സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. സ്കൂൾ പരിശോധനാ പുസ്തകത്തിൽ അഭിപ്രായം രേഖപ്പെടുത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *