കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണം : മന്ത്രി വീണാജോർജ്

Spread the love

കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ഭരണകൂടങ്ങൾ പിഴവുകൾ വരുത്തുമ്പോഴും ജനാധിപത്യവിരുദ്ധമായി പെരുമാറുമ്പോഴും നീതി നിഷേധിക്കുമ്പോഴും അതിനെതിരേ സംസാരിക്കേണ്ടതും പൊതുബോധം നിർമിക്കേണ്ടതും മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇക്കാര്യത്തിൽ നിരാശപ്പെടുത്തുന്ന ഇടപെടലുകളാണു സമീപകാലത്തു മാധ്യമങ്ങളിൽനിന്നുണ്ടാകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാധ്യമങ്ങൾ ഒരു വാർത്തയെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി എത്രമാത്രം സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങൾ സമീപകാലത്തു രാജ്യത്തുണ്ടായ ചില സംഭവവികാസങ്ങൾ വിമർശനാത്മകമായി വിശകലനം ചെയ്താൽ മനസിലാകും. മൂലധന നിക്ഷേപം നടത്തിയ ആളുടെ താത്പര്യവും നിലനിൽപ്പുമാണ് പലപ്പോഴുമുണ്ടാകുന്നത്.

സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ ടി.വി. സുഭാഷ്, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ, പി.ആർ.ഡി. അഡിഷണൽ ഡയറക്ടർമാരായ വി. സലിൻ, കെ.ജി. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. തിരുവനന്തപുരത്തെ വിവിധ കോളജുകളിലെ മാധ്യമ വിദ്യാർഥികളും മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *