നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്
അഞ്ച് മാസമായി മുടങ്ങിയ പെന്‍ഷന്‍ വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പെന്‍ഷന്‍ വിഷയം പരിഹരിക്കുന്നതിന് പകരം നവകേരളത്തെ കുറിച്ചും കേരളീയത്തെ കുറിച്ചുമാണ് സര്‍ക്കാര്‍ ഇപ്പോഴും സംസാരിക്കുന്നത്. ജനങ്ങളെ ഇനിയും ആത്മഹത്യയിലേക്ക് നയിക്കുന്ന രൂക്ഷമായ പ്രതിസന്ധിയാണ് കേരളത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്ന പച്ചക്കള്ളവും പ്രതിപക്ഷം നിയമസഭയില്‍ പൊളിച്ചു. കഴിഞ്ഞ കുറേക്കാലമായി ഗീബല്‍സിയന്‍ രീതിയില്‍ പറഞ്ഞു പരത്തിയ കള്ളമാണ് പൊളിഞ്ഞത്.
സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങള്‍ മാറുകയും അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവുമാണ് മന്ത്രിയുടെ വാക്കുകളിലുള്ളത്. മുഖ്യമന്ത്രി നിശബ്ദനായി ഇരിക്കുകയാണ്. അതില്‍ പ്രതിഷേധിച്ചാണ് സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ചത്. 50 ലക്ഷം പാവങ്ങളെ ബാധിക്കുന്ന വിഷയത്തിന് പരിഹാരം ഇല്ലാതെ സഭയില്‍ ഇരിക്കാനാകില്ല. പെന്‍ഷന്‍ നേടിയെടുക്കുന്നതു വരെ പ്രതിപക്ഷ പോരാട്ടം തുടരും.