നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം.
മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗണ്മാന്മാര് സ്റ്റേഷനില്‍ ഹാജരാകുന്നില്ലെങ്കില്‍ ഈ നാട്ടിലെ ആര് നിയമം അനുസരിക്കും?
നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചത് തെറ്റാണെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ഒന്നും പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. ഞങ്ങള്‍ ഒരു കാലത്തും ഗവര്‍ണര്‍ക്കൊപ്പം കൂടിയിട്ടില്ല. എല്ലാക്കാലത്തും ഗവര്‍ണറുടെ നടപടികളോട് പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിങ്ങളാണ് ഒന്നിച്ച് തോളോട് തോള് ചേര്‍ന്ന് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ചെയ്തതും സര്‍ക്കാര്‍ ചെയ്തതും തെറ്റാണെന്ന് സുപ്രീം കോടതി വിധി വന്നിട്ടുണ്ട്. ഇതു തന്നെയാണ് പ്രതിപക്ഷവും പറഞ്ഞത്. വി.സി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് കൊടുക്കാനോ സേര്‍ച്ച് കമ്മിറ്റി റദ്ദാക്കണമെന്ന് ആവശ്യപ്പെടാനോ സാധിക്കില്ല. പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും പറഞ്ഞ കാര്യങ്ങളാണ് സുപ്രീംകോടതി വിധിയിലും വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ല. മന്ത്രി നിയമലംഘനമാണ് നടത്തിയതെന്നാണ് വിധിയില്‍ പറയുന്നത്. സുപ്രീം കോടതി വിധി വന്നിട്ടും മന്ത്രിയോട് രാജി ആവശ്യപ്പെട്ടില്ല. അപ്പോള്‍ എല്ലാത്തിനും നിങ്ങള്‍ ഗവര്‍ണര്‍ക്കൊപ്പമായിരുന്നു.
മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്നാടന് ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി ഞങ്ങള്‍ കേട്ടിരുന്നു. എക്സാലോജിക് കമ്പനിക്ക് മറുപടി നല്കാന് അവസരം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പറയുന്നത് ഒരു രേഖയും ഹാജരാക്കിയില്ലെന്നും കേസെടുക്കണമെന്നുമാണ്. അപ്പോള്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അവാസ്തവമായിരുന്നു. കള്ളപ്പണം വെളുപ്പിക്കലായിരുന്നു എന്നാണ് രണ്ട് സ്റ്റ്യാറ്റിയൂട്ടറി ബോഡികളുടെയും കണ്ടെത്തല്‍. എ.ഐ ക്യാമറയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും കെ ഫോണിലും ഞങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇവിടെ നീതി ലഭിച്ചില്ലെങ്കില്‍ ഞങ്ങള്‍ കോടതിയിലേക്ക് പോകും അങ്ങനെ പോയിട്ടുമുണ്ട്.
ഒരു പ്രകോപനവും ഇല്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതിനെ തുടര്‍ന്നാണ് കല്യാശേരിയില്‍ കരിങ്കൊടി കാട്ടേണ്ടി വന്നത്. നിങ്ങള്‍ ഒരു ജില്ലയില്‍ വരുന്നതിന് ഞങ്ങളുടെ ആളുകളെ അറസ്റ്റു ചെയ്യുന്നത് എന്തിനാണ്? കരിനിയമമാണ് എന്ന് നിങ്ങള്‍ ഒരിക്കല്‍ പറഞ്ഞ കരുതല്‍ തടങ്കല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതും നിങ്ങള്‍ തന്നെയാണ്. കല്യാശേരിയില്‍ കരിങ്കൊടി കാട്ടിയവരെ ചെടിച്ചട്ടിയും ഹെല്‍മറ്റും കമ്പിവടിയും കൊണ്ട് ആക്രമിച്ചു. പ്രതിഷേധം ജനാധിപത്യപരമാണെന്നും അവര്‍ അത് ചെയ്യട്ടേയെന്നും മുഖ്യമന്ത്രി പറയുമെന്നാണ് ഞങ്ങള്‍ കരുതിയത്. വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടും ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നും ഇനിയും തുടരുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭരണഘടനാപരമായ സ്ഥാനത്ത് ഇരുന്നുകൊണ്ട് അങ്ങനെ പറയരുതായിരുന്നു. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതു കൊണ്ടല്ലേ കേരളം മുഴുവന്‍ അതിക്രമം നടന്നത്? രാജാവിനേക്കാള്‍ വലിയ രാജ ഭക്തി കാട്ടാന്‍ പൊലീസുകാര്‍ കണ്ണൂരില്‍ ഒരു പെണ്‍കുട്ടിയുടെ കൈ തല്ലിയൊടിച്ചു. തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തു. മറ്റൊരു പെണ്‍കുട്ടിയുടെ മുടിയില്‍ പൊലീസുകാര്‍ ചവിട്ടിപ്പിടിച്ചു. മറ്റൊരു പെണ്‍കുട്ടിയുടെ പിന്നില്‍ അടിച്ച് സെര്‍വിക്കല്‍ തകരാറുണ്ടാക്കി. എന്തൊരു ക്രൂരതയാണ് ഞങ്ങളുടെ കുട്ടികളോട് കാട്ടിയത്. ഫ്ളോറിഡയില്‍ കറുത്തവര്‍ഗക്കാരനോട് ചെയ്തത് പോലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഞങ്ങളുടെ പ്രവര്‍ത്തകന്റെ കഴുത്തില്‍ പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. നിങ്ങളുടെ ഇടതും വലതും നടക്കുന്ന ഗണ്മാന്മാര് ഞങ്ങളുടെ കുട്ടികളെ ക്രൂരമായി തല്ലി. നിങ്ങളുടെ ഇടതും വലതും നടക്കുന്ന ഗണ്മാന്മാര് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ട് പോകുന്നില്ല. പിന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചാല്‍ ഈ നാട്ടിലെ ആര് പോകും? ഈ നാട്ടിലെ ആര് നിയമം അനുസരിക്കും? ഞങ്ങളുടെ കുട്ടികളെ മുഴുവന്‍ അടിച്ച് ആശുപത്രിയിലാക്കിയിട്ടാണ് ഞങ്ങളോട് സഹകരിക്കണം എന്ന് ആവശ്യപ്പെട്ടത്. ഇതെന്താ സ്റ്റാലിന്റെ റഷ്യയാണെന്നാണോ നിങ്ങള്‍ കരുതിയത്. ഇത് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് നിങ്ങള്‍ ഓര്‍ത്ത് വച്ചോളൂ. റഷ്യയിലൊക്കെ ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടാകും. പക്ഷെ അതൊന്നും ഇവിടെ നടക്കില്ല.
ഒരു മുന്നൊരുക്കങ്ങളും ഇല്ലാത്തതായിരുന്നു നയപ്രഖ്യാപന പ്രസംഗം. നവകേരള സദസിനെ കുറിച്ച് നിങ്ങള്‍ ഇപ്പോഴും അഭിമാനം കൊള്ളുകയാണ്. 44 ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസിരാകേന്ദ്രത്തില്‍ ഇല്ലാത്ത അവസ്ഥ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ? ഇത്രയും സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ധനകാര്യമന്ത്രി പോലും ഇല്ലാതെ ഭരണത്തെ നിങ്ങള്‍ സ്തംഭിപ്പിച്ചില്ലേ? വിചാരണ സദസില്‍ ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ച് കൊണ്ടു വന്നിട്ടില്ല. നവകേരള സദസ് സര്‍ക്കാരിന്റെ പരിപാടിയാണെന്ന് പറഞ്ഞ് രാഷ്ട്രീയം പറയുകയാണ് നിങ്ങള്‍ ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ മാനസിക നില ശരിയല്ലെന്നു വരെ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയിലാണോ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത്? കുടുംബശ്രീ പ്രവര്‍ത്തകരെയും അംഗന്‍വാടി ടീച്ചര്‍മാരെയും ആശാവര്‍ക്കര്‍മാരെയും സാക്ഷരതാ പ്രേരക്മാരെയും പക്വതയുള്ള കുട്ടികളെയും നിര്‍ബന്ധിച്ച് കൊണ്ടു വന്നു. നിങ്ങളുടെ സദസില്‍ വന്ന 70 ശതമാനം പേരും ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കായിരിക്കും വോട്ട് ചെയ്യുന്നത്. ഭീഷണിപ്പെടുത്തി ആളെക്കൂട്ടിയിട്ടാണ് കണ്ടോയെന്ന് ഞങ്ങളോട് പറയുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും വരുമ്പോള്‍ ദീപാലങ്കാരം നടത്തണമെന്ന് ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയത്. മന്ത്രിമാര്‍ താലൂക്ക്തല അദാലത്ത് നടത്തി ശേഖരിച്ച പരാതികള്‍ മുക്കിയവരാണ് ആറ് മാസത്തിന് ശേഷം ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങിയത്.
കാര്‍ഷിക മേഖല മുഴുവന്‍ തകര്‍ച്ചയിലാണ്. എന്നിട്ടും എന്താണ് നിങ്ങളുടെ സമീപനം? വയനാട്ടില്‍ കടുവ ഇറങ്ങിയിട്ടും ജില്ലയുടെ ചാര്‍ജുള്ള മന്ത്രി തിരിഞ്ഞു നോക്കിയില്ല. 9 സര്‍വകലാശാലകളില്‍ വി.സിമാരില്ല. വ്യാജ ഡിഗ്രി കേസുകള്‍ വ്യാപകമായിരുന്നു. ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് സ്വീകരണം നല്കുന്ന ചടങ്ങില്‍ അധ്യക്ഷനായിരുന്ന ചങ്ങനാശേരി ബിഷപ്പ് പെരുന്തോട്ടം പിതാവ്, സംസ്ഥാനത്ത് ബ്രെയിന്‍ ഡ്രെയിന്‍ നടക്കുകയാണെന്നും കുട്ടികള്‍ രാജ്യം വിടുന്നത് സര്‍ക്കാര്‍ കൂടി ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷെ മുഖ്യമന്ത്രി അസ്വസ്ഥനായി. അങ്ങനെ ഒരു പ്രശ്നമെ ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയും ലാഘവത്തോടെയാണോ ഗൗരവതരമായ വിഷയത്തെ മുഖ്യമന്ത്രി കാണുന്നത്? എന്തുകൊണ്ടാണ് കുട്ടികള്‍ പോകുന്നത്? ഇതിന്റെ ആഘാതം എന്താണെന്ന് പഠിക്കേണ്ടേ? ആശുപത്രിയില്‍ മരുന്നില്ല. എന്നിട്ടും മരുന്നുണ്ടെന്ന് ആകെ പറയുന്നത് ആരോഗ്യമന്ത്രി മാത്രമാണ്. വിലക്കയറ്റം നിയന്ത്രിക്കേണ്ട സപ്ലൈകോയെ കെ.എസ്.ആര്.ടി.സി പോലെയാക്കി. ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബിയെ ഏഴരക്കൊല്ലം കൊണ്ട് നാല്‍പ്പതിനായിരം കോടി കടത്തിലാക്കി. എന്തൊരു തകര്‍ച്ചയാണ് വിവിധ വകപ്പുകളിലുള്ളത്. പുനരധിവാസത്തിന് വേണ്ടി സമരം ചെയ്ത മത്സ്യത്തൊഴിലാളികളെ നിങ്ങള്‍ തീവ്രവാദികളാക്കി. വിവിധ മേഖലകളിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ കാണാതെ പോകരുത്. സൂര്യനാണ് ചന്ദ്രനാണ് കഴുകനാണ് ദൈവത്തിന്റെ വരദാനമാണ് കുന്തമാണ് കൊടച്ചക്രമാണ് എന്നൊക്കെ ചുറ്റും നില്ക്കുന്നവര് പറയുമ്പോള്‍ ഇതാണ് യാഥാര്‍ത്ഥ്യമെന്ന് മുഖ്യമന്ത്രി വിശ്വസിക്കരുത്. എല്ലാക്കാലത്തും എല്ലാ രാജകൊട്ടാരങ്ങളിലും വിദൂഷകന്മാര് തകര്‍ത്താടിയിട്ടുണ്ട്. വിദൂഷകന്മാരെ തിരിച്ചറിയാനുള്ള കഴിവാണ് എല്ലാ ഭരണാധികാരികള്‍ക്കും വേണ്ടതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ ഭരണം നയപ്രഖ്യാപന പ്രസംഗം പോലെ തന്നെയാണ്. ജനങ്ങളെ മുഴുവന്‍ ദുരിതത്തിലാക്കി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി അഴിമതിയും ധൂര്‍ത്തും ധിക്കാരവും അടിച്ചമര്‍ത്തലും ഗുണ്ടകളെ ഇറക്കി പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണിത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണം കേരളത്തെ എവിടെ കൊണ്ടുച്ചെന്ന് എത്തിക്കുമെന്ന് ഞങ്ങള്‍ കേരളത്തിലെ ജനങ്ങളോട് പറയും.