ആര്‍പ്പോ: സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സ്വപ്ന വേദിയെന്ന് മന്ത്രി വീണാ ജോര്‍ജ്

Spread the love

സ്ത്രീകള്‍ക്ക് ഒത്തുകൂടാനൊരു ഇടം.

വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരുക്കിയ ‘ആര്‍പ്പോ: വരെയും വരിയും പിന്നല്പം മൊഹബത്തും’ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വലിയൊരു വേദിയും സ്വപ്ന വേദിയുമാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ഒരു പരിധിയുമില്ലാതെ ആശയങ്ങളും അഭിപ്രായങ്ങളും ചിന്തകളും പങ്കുവയ്ക്കാനാകും. ഇത് ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ളൊരു വേദി കൂടിയാണിത്. പലതരത്തിലുള്ള ജീവിത സാഹചര്യങ്ങള്‍ കാരണം പുറത്തേക്ക് പറയാന്‍ കഴിയാത്ത ഒരുപാട് ആശയങ്ങള്‍ ഉണ്ടാകാം. പുറത്ത് പറയാന്‍ കഴിയാത്ത കാര്യങ്ങളോ ആശയമോ ഭരണകൂടങ്ങളെ അറിയിക്കേണ്ട അഭിപ്രായമോ ആകട്ടെ. അതെല്ലാം പങ്കുവയ്ക്കാനാകും. ഇതൊരു സ്വാതന്ത്ര്യത്തിന്റെ ഇടമാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വഴി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ക്ക് ഒത്തുകൂടാനും ഉല്ലസിക്കുവാനുമായി എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ജെന്‍ഡര്‍ പാര്‍ക്കില്‍ വെച്ച് തന്നെ ഈ പരിപാടി ഉണ്ടായിരിക്കും. കലാ-സാഹിത്യം, ശാസ്ത്രം, രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം എന്ന് തുടങ്ങി വിവിധ മേഖലകളെക്കുറിച്ചുള്ള വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാവുന്നതാണ്. നവകേരളം എന്നത് സ്ത്രീപക്ഷ നിലപാടുകള്‍ക്കും ചിന്തകള്‍ക്കും പ്രാധാന്യം കല്‍പ്പിക്കുന്നതായിരിക്കണമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *