എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ, അന്തർദേശീയ ജേർണലുകളും ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ്.ഇ.ആർ.ടി ലൈബ്രറി സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ്.ഇ.ആർ.ടി ലൈബ്രറിയിൽ സജ്ജീകരിച്ച ഡിജിറ്റൽ ആർകൈവ്‌സിന്റെയും ഇ-ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയത്തക്ക രീതിയിലാണ് നിലവിൽ ലൈബ്രറി പ്രവർത്തിച്ചു വരുന്നത്. ഈ ലൈബ്രറിക്ക് അനുബന്ധമായി ഒരു ടെക്സ്റ്റ് ബുക്ക് ആർക്കൈവ്‌സും പ്രവർത്തിച്ചു വരികയാണ്. മുൻ വർഷങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കാലപ്പഴക്കം കൊണ്ട് പല പുസ്തകങ്ങളും ഉപയോഗശൂന്യമാകാൻ സാധ്യതയുള്ളതിനാൽ ഈ പുസ്തകങ്ങളെ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുക എന്നതാണ് ഡിജിറ്റൽ ആർക്കൈവ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിച്ചുള്ള ക്ലാസ്മുറികൾ വ്യാപകമാകുന്ന കാലം കൂടിയാണിത്. ഈ മാറ്റങ്ങളെല്ലാം നമ്മുടെ സാമൂഹ്യ പുരോഗതിക്ക് ഉതകുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയണം. ലോകത്തിന്റെ പല മേഖലകളിലും അറിവിന്റെ വ്യാപനത്തെ കച്ചവട കണ്ണോടുകൂടി കണ്ട് നിയന്ത്രിക്കുന്ന സമയത്താണ് കേരളം മറ്റൊരു മാതൃക ഇവിടെ സ്വീകരിക്കുന്നത്. നാം പഠിച്ച പഴയ പാഠപുസ്തകങ്ങൾ ഒരിക്കൽ കൂടി വായിക്കുവാനും ഓർമകൾ പുതുക്കുവാനുമുള്ള അവസരമാണിതെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം വിദ്യാഭ്യാസ മേഖലയിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ കഴിയും വിധമാണ് ഈ ഡിജിറ്റൽ ആർക്കൈവ്‌സ് സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 1258 പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.
1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഒരു ലക്ഷത്തി അമ്പതിനായിരം പേജുകൾ ഇതിനോടകം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇനിയും ഈ പ്രവർത്തനം തുടരേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു ഡിജിറ്റൽ ഗ്രന്ഥാലയം കേരള വിദ്യാഭ്യാസ ചരിത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും വിദ്യാഭ്യാസ മേഖലയുടെ വളർച്ചയെയും വികാസത്തെയും കുറിച്ച് ശരിയായ ധാരണ ലഭിക്കുന്നതിനും പൊതുസമൂഹത്തിന് സഹായകരമാകും. ലോകത്തുള്ള ഏതൊരാൾക്കും ഓൺലൈനായി വായിക്കുവാനും പഠനവിധേയമാക്കുവാനും അവസരം ലഭിക്കും.
സർക്കാർ ഓഫീസുകൾ പേപ്പർ രഹിത ഓഫീസുകൾ ആയി മാറുന്നതിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടിയുടെ ഓഫീസ് പ്രവർത്തനങ്ങൾ ‘ഇ-ഓഫീസ്’ പ്രവർത്തനങ്ങളിലേക്ക് മാറുന്നത് ജനങ്ങൾക്ക് ഫയലുകളെ സംബന്ധിച്ച വിശദാംശങ്ങൾ ഓഫീസുകളിൽ വരാതെ തന്നെ അറിയുന്നതിനും, പ്രസിദ്ധീകരിച്ചിട്ടുള്ള സർക്കാർ ഉത്തരവുകൾ കണ്ടെത്തുന്നതിനും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യവും ഈ സംവിധാനത്തിൽ ലഭ്യമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പൂജപ്പുര എസ്.ഇ.ആർ.ടി ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എസ്.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, കൈറ്റ്‌സ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സ്‌കോൾ കേരള വൈസ് ചെയർമാൻ പി. പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.