എസ്‌ഐബി ഇഗ്‌നൈറ്റ്- ക്വിസത്തോണിൽ ഗുവാഹത്തി മെഡിക്കൽ കോളെജ് ജേതാക്കൾ

Spread the love

കൊച്ചി: രാജ്യത്തുടനീളമുള്ള കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച ‘എസ്‌ഐബി ഇഗ്‌നൈറ്റ് ക്വിസത്തോണ്‍’ ഗ്രാൻഡ് ഫിനാലെയിൽ ഗുവാഹത്തി മെഡിക്കൽ കോളെജ് & ഹോസ്പിറ്റിൽസ് നിന്നുള്ള ടീം ക്യൂരിയസ് ഡോക്സ് ദേശീയ ജേതാക്കളായി. ജയ്പൂർ എൽഎൻഎംഐഐടിയിൽ നിന്നുള്ള ടീം നിയാൻഡർതാൽസ് രണ്ടാം സ്ഥാനവും ബെംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ടീം ക്വിസ്സേഴ്സ് മൂന്നാം സ്ഥാനവും നേടി. ഒന്നര ലക്ഷം രൂപയാണ് ഒന്നാം സ്ഥാനക്കാരുടെ സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനം നേടിയ ടീമുകൾക്ക് യഥാക്രമം ഒരു ലക്ഷം രൂപയും, 60000 രൂപയും സമ്മാനമായി നൽകി.

ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റിയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഒഫീസറുമായ തോമസ് ജോസഫ് കെ. ആമുഖ പ്രഭാഷണം നടത്തി. കർണാടക ഫൂഡ് ആന്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് എംഡി ഗ്യാനേന്ദ്ര കുമാർ ഗാങ്വാർ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി. സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ റവ. ഡോ. ഫാദർ വിക്ടർ ലോബോ എസ്.ജെ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്ജിഎമ്മും സിഐഒയുമായ സോണി എ., ജോയിന്റ് ജനറൽ മാനേജറും ചീഫ് മാർക്കറ്റിങ് ഓഫീസറുമായ അസ്മത് ഹബീബുള്ള, ബെംഗളൂരു റീജനൽ ഹെഡ് രേഖ വി.ആർ. എന്നിവർ പങ്കെടുത്തു.

യുവജനങ്ങളിൽ ബൗദ്ധിക ജിജ്ഞാസയും അറിവും പരിപോഷിപ്പിക്കുന്നതിൽ സൗത്ത് ഇന്ത്യൻ ബാങ്കിനുള്ള അർപ്പണബോധത്തിന്റെ തെളിവാണ് എസ്ഐബി ഇഗ്നൈറ്റ് ക്വിസത്തോണ്‍. വിദ്യാർത്ഥികളുടെ വൈജ്ഞാനിക ശേഷികൾ പരീക്ഷിക്കുന്നതിനും, വൈവിധ്യമാർന്ന വിഷയങ്ങളിൽ അറിവ് നേടാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയാണ് ഈ മത്സരം. നമ്മുടെ രാജ്യത്ത് വളർന്ന് വരുന്ന യുവപ്രതിഭകളുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഈ മത്സരത്തിലെ അവരുടെ മികച്ച പ്രകടനങ്ങൾ. യുവജനങ്ങളുമായി കൂടുതൽ ഇടപഴകാൻ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിജ്ഞാബദ്ധരാണ്. അവരെ പരിപോഷിപ്പിക്കുന്നതിനും അതുവഴി ഊർജ്ജസ്വലരായ നാളത്തെ തലമുറയുമായി ദീർഘകാല ബന്ധം സ്ഥാപിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ മത്സരം,” തോമസ് ജോസഫ് കെ. പറഞ്ഞു.

രാജ്യത്തുടനീളമുള്ള കോളേജ് വിദ്യാർത്ഥികളെ ആകർഷിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് എസ്.ഐ.ബി ഇഗ്നൈറ്റ് ക്വിസ് മത്സരം. രാജ്യത്തുടനീളമുള്ള ടീമുകൾക്കായി ഓൺലൈനായി നടത്തുന്ന പ്രാഥമിക യോഗ്യതാ റൗണ്ടിൽ തുടങ്ങി മൂന്ന് റൗണ്ടുകളിലായിരുന്നു മത്സരം. പ്രാഥമിക റൗണ്ടിലെ വിജയികൾ സോണൽ റൗണ്ടുകളിലേക്കും തുടർന്നുള്ള വിജയികൾ ദേശീയ ചാമ്പ്യൻ പട്ടത്തിനായുള്ള ഗ്രാൻഡ് ഫിനാലെയിലുമെത്തി. ഐഐഎം അഹമ്മദാബാദിൽ നിന്നുള്ള ടീം മാർക്ക് മെൻ, ആർടിഎം നാഗ്പൂർ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ടീം ട്യൂറിങ്, ഐഐടി പാലക്കാടിൽ നിന്നുള്ള ടീം ബാറ്റ്മാൻ ആന്റ് റോബിൻ, ചങ്ങനാശ്ശേരി എസ് ബി കോളെജിൽ നിന്നുള്ള ടീം കെയ്നീസിയൻസ്, പോപ് ജോൺ പോൾ II കോളെജ് ഓഫ് എജുക്കേഷനിൽ നിന്നുള്ള ടീം ആർഎം ഗേൾസ് എന്നീ ടീമുകളാണ് വിജയികൾക്കു പുറമെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ച മറ്റു ടീമുകൾ. പിനാക്കിൾ ആയിരുന്നു എസ്ഐബി ഇഗ്നൈറ്റ് ക്വീസത്തോണിന്റെ അസോസിയെറ്റ് പാർട്നർ. ബ്രെയിൻ ക്വസ്റ്റ് നോളെജ് പാർട്നറും സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂഷനൽ പാർടനറുമായിരുന്നു.

Asha Mahadevan

 

Author

Leave a Reply

Your email address will not be published. Required fields are marked *