കയർ വ്യവസായ മേഖലയിലെ വിവിധ പദ്ധതികൾക്കായി 107.64 കോടി രൂപ

Spread the love

ആലപ്പുഴ: ആലപ്പുഴയുടെ പരമ്പരാഗത തൊഴിൽമേഖലയായ കയറിന് വലിയ പ്രാധാന്യം നൽകി സംസ്ഥാന ബജറ്റ്. കയർമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ സംരംഭങ്ങൾ എന്നിവയുടെ പുനരുജ്ജീവനത്തിനും ആധുനികവൽക്കരണത്തിനുമായി 32 കോടി രൂപ വകയിരുത്തി. കയർ മേഖലയിൽ ഗവേഷണ വികസന പദ്ധതികൾക്കുള്ള ധനസഹായമായി ഏഴു കോടി രൂപ വകയിരുത്തി.
കയർഫെഡ് പോലുള്ള ഏജൻസികൾ മുഖേന കയറിന്റെയും കയർ ഉൽപന്നങ്ങളുടെയും സംഭരണം നടത്തുന്നതിലൂടെ ഇവയുടെ വിലസ്ഥിരത ഉറപ്പു വരുത്തുന്ന പദ്ധതിക്കായി 38 കോടി രൂപ വകയിരുത്തി.കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങളുടെ പ്രോത്സാഹനം, സംരക്ഷണം, കായൽ തീരങ്ങളെ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കൽ, വള്ളംകളി അന്താരാഷ്ട്ര നിലവാരമുള്ള കായികയിനം ആക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ കൂടി സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി ലീഗിനായി 9.9 ആറ് കോടി രൂപ വകയിരുത്തി. കേരള പബ്ലിക് സർവീസ് കമ്മീഷൻ കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ല ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് 5.24 കോടി രൂപ നീക്കിവെച്ചു.

ചരക്കു നീക്കത്തിനും ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ഊന്നൽ നൽകിക്കൊണ്ട് അഴീക്കൽ, ബേപ്പൂർ, കൊല്ലം, ആലപ്പുഴ, പൊന്നാനി തുറമുഖങ്ങളുടെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിനായി 39.20 കോടി രൂപ വകയിരുത്തി. നീണ്ടകര, വലിയതുറ, കായംകുളം, മനക്കോടം, മുനമ്പം; കൊടുങ്ങല്ലൂർ, തലശ്ശേരി, കോഴിക്കോട്, കണ്ണൂർ, ചെറുവത്തൂർ; നീലേശ്വരം, കാസർകോട്, മഞ്ചേശ്വരം എന്നീ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 5 കോടി വകയിരുത്തി.കുട്ടനാട് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാർഡ് -ആർ ഐ ഡി എഫ് പദ്ധതിയിൽ 100 കോടി രൂപ വകയിരുത്തി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്കായി 57 കോടി രൂപ വകയിരുത്തി. രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി കുട്ടനാട് മേഖലയിലെയും തോട്ടപ്പള്ളി സ്പിൽവേയിലേയും വെള്ളപ്പൊക്ക നിവാരണ പ്രവർത്തികൾക്കായി അഞ്ചു കോടി രൂപ വകയിരുത്തി. കുട്ടനാട് ഉൾപ്പടെ ജില്ലയ്ക്ക് ഏറെ പ്രാധാന്യം നൽകിയ ബജറ്റായിരുന്നു ഇത്തവണ നിയമസഭയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *