മത്സ്യബന്ധന മേഖലയിലെ മാറ്റത്തിന്റെ പ്രതിഫലനമാണെന്ന് മന്ത്രി സജി ചെറിയാൻ.
തീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് 23.12 കോടി രൂപ ചെലവിട്ട് 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 44 റോഡുകളുടെ ഉദ്ഘാടനമാണ് ഓൺലൈനായി മന്ത്രി നിര്‍വഹിച്ചത്. തീരപ്രദേശത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ മത്സ്യബന്ധന മേഖലയിലുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമാണ് 44 റോഡുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തതിലൂടെ പ്രകടമാകുന്നതെന്ന് മന്ത്രി പറഞ്ഞു. മത്സ്യ മേഖലയിലും തീരപ്രദേശത്തും സമഗ്രമായ വികസനം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനോടൊപ്പം തന്നെ തീരസംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം, സ്ത്രീസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവയും സർക്കാരിന് പ്രധാനമാണ്. പൂന്തുറയിൽ തീരസംരക്ഷണത്തിനായി നടപ്പിലാക്കിയ ജിയോ ട്യൂബ് വിജയിച്ചാൽ കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കും. മത്സ്യബന്ധന കുടുംബങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് തൊഴിൽ തീരം പദ്ധതിയും നടപ്പിലാക്കി വരുന്നു. ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കും. കഴിഞ്ഞ ഏഴര വർഷത്തിനിടെ മത്സ്യബന്ധന കുടുംബങ്ങളിലെ 85 പേർ ഡോക്ടർമാരായി. മത്സ്യത്തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ മത്‌സ്യം വിൽക്കാൻ സഹായിക്കുന്ന നിയമം ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.