നോര്‍ക്കയുടെ ജനകീയമുഖം, ഹരികൃഷ്ണന്‍ നമ്പൂതിരി പടി ഇറങ്ങുമ്പോള്‍ : ജെയിംസ് കൂടല്‍

Spread the love

നോര്‍ക്കാ റൂട്ട്‌സിന്റെ ജനകീയ മുഖവും പ്രവാസികളുടെ ശബ്ദവും പ്രതീക്ഷയുമായിരുന്നു സ്ഥാനമൊഴിയുന്ന സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി. പ്രവാസികളുടെ പ്രതിസന്ധിയുടെ കാലത്ത് അദ്ദേഹം നടത്തി വന്ന കര്‍മപദ്ധതികളും നേതൃത്വവും പുതിയ ദിശാബോധം നല്‍കുന്നതായിരുന്നു. എല്ലാ വിഭാഗം പ്രവാസികളെ നോര്‍ക്കയുമായി ചേര്‍ത്തു നിര്‍ത്തുന്നതില്‍ ഹരികൃഷ്ണന്‍ നമ്പൂതിരി നടത്തി വന്ന പരിശ്രമങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ്.

നോര്‍ക്കയുടെ ചരിത്രപരമായ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ കടന്നു വരവ്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്തിരുന്ന കാലം മുതല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. വലിയ അനുഭവ സമ്പത്തുമായി നോര്‍ക്കയിലേക്ക് അദ്ദേഹം എത്തിയപ്പോഴും ആ പ്രതീക്ഷകള്‍ തെറ്റിയില്ല. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെ നവീകരിക്കുന്നതിനും അതിന് പുതിയ ദിശാബോധം നല്‍കുന്നതിലും പ്രത്യേക ശ്രദ്ധ നല്‍കി. എല്ലാ മുന്നേറ്റങ്ങളിലും പ്രവാസികളുടെ പങ്കും അവരുടെ അഭിപ്രായങ്ങളും മുഖവിലയ്ക്ക് എടുത്തു.

സൗമ്യനും ഒരു നല്ല വ്യക്തിത്വത്തിനും ഉടമയായ അദ്ദേഹം പ്രവാസികളുടെ പ്രശ്‌നങ്ങളെ അതിവേഗത്തില്‍ തിരിച്ചറിഞ്ഞു നടപടി സ്വീകരിച്ചു. ഏറ്റവും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതില്‍ പ്രത്യേക താല്‍പര്യം എടുത്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് അടുത്തറിഞ്ഞ നാളുകളായിരുന്നു കോവിഡ്ക്കാലത്തേത്. എല്ലായിടത്തേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ ഓടിയെത്തി. ഏകോപനവും നടപടികളും വേഗത്തിലാക്കി. പ്രവാസിയ്‌ക്കൊപ്പം നോര്‍ക്കയുണ്ടെന്ന് അദ്ദേഹം തെളിയിച്ചു കാട്ടി. വിശ്രമമില്ലാതെ മുന്നേറിയ ഹരി കൃഷ്ണന്‍ നമ്പൂതിരി എല്ലാ പ്രവാസികളുടെയും പ്രതീക്ഷയുടെ മുഖം കൂടിയായിരുന്നു. അതിവേഗത്തില്‍ എംബസികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച അദ്ദേഹത്തിന്റെ പാടവം മറ്റുള്ളവര്‍ക്കും ഒരു പ്രച്ഛോദനമായി.
പ്രവാസിയുടെ കോവിഡ്ക്കാലത്ത് അതിജീവനത്തിന്റെ ചരിത്രമെഴുതുമ്പോള്‍ അതില്‍ സ്വര്‍ണലിപിയാല്‍ എഴുതി ചേര്‍ത്ത പേരാകും ഹരികൃഷ്ണന്‍ നമ്പൂതിരിയുടേത്. പ്രവാസികളുടെ പുനരധിവാസം, ചികിത്സ, മടങ്ങി എത്താനാഗ്രഹിക്കിന്നവര്‍ക്കാവശ്യമായ നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം അതിവേഗത്തില്‍ നടപടികള്‍ സ്വീകരിച്ചു. പിന്നീട് പ്രവാസികളുടെ പുനരധിവാസത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഹരികൃഷ്ണന്‍ നമ്പൂതിരി നടത്തിവന്നത് വിശ്രമമില്ലാത്ത പോരാട്ടം. റഷ്യ – യുക്രൈന്‍ യുദ്ധകാലത്തും നോര്‍ക്കയുടെ പ്രതീക്ഷയുടെ ശബ്ദമായിരുന്നു ഹരികൃഷ്ണന്‍ നമ്പൂതിരി.

നോര്‍ക്കയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച സിഇഒ എന്ന അംഗീകാരവും ഇദ്ദേഹത്തിനു തന്നെ. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയായിരുന്നു. കോവിഡ് കാലത്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി ആരംഭിച്ച പ്രവാസി ഭദ്രത, സുരക്ഷിത കുടിയേറ്റത്തിനായുള്ള ശുഭയാത്ര പദ്ധതി, ജര്‍മനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ജര്‍മന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കിയ ട്രിപ്പിള്‍ വിന്‍, പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങൾക്ക് നേതൃകം നല്‍കി പടി ഇറങ്ങുന്ന പ്രിയപ്പെട്ട വ്യക്തിത്വത്തിന് എല്ലാ ആശംസകളും നേരട്ടെ.

 

Author

Leave a Reply

Your email address will not be published. Required fields are marked *