നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ധനകാര്യ മന്ത്രി 30.1.21ന് മറുപടി നല്‍കുന്നതിന് നല്‍കിയ 199 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളില്‍ ഒരെണ്ണത്തിന് പോലും നാളിതുവരെ മറുപടി നല്‍കിയിട്ടില്ല. ബജറ്റ് സമ്മേളനം ആയതിനാല്‍ പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ ലഭിക്കുന്നതിനായി സാമാജികര്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളാണ് ഇവയില്‍ ബഹുഭൂരിപക്ഷം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ ഉള്ള ആധികാരിക വിവരങ്ങള്‍ നല്‍കി വസ്തുതകള്‍ സാമാജികരെ ബോധ്യപ്പെടുത്തുന്നതിനുള്ള അവസരമായിരുന്നിട്ടും ഈ കാര്യത്തില്‍ ധനകാര്യ മന്ത്രി തികച്ചും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ധന സ്ഥിതിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട സ്ഥിതി വിവര കണക്കുകള്‍ ഉള്‍പ്പെടെ സാമാജികര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒരെണ്ണത്തിന് പോലും ഉത്തരം നല്‍കാത്ത തെറ്റായ രീതി ധനകാര്യ മന്ത്രി പിന്തുടരുന്നു എന്നത് സഭയെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും അവഹേളിക്കുന്ന നടപടിയാണ്.
ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കുന്നത് സംബന്ധിച്ച് ചട്ടം 47 ല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചട്ടം 47 (1) പ്രകാരം ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ സഭയില്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്ന മറുപടികള്‍ മറുപടി നല്‍കേണ്ട ദിവസത്തിന്റെ തൊട്ടുമുമ്പത്തെ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി നിയമസഭാ സെക്രട്ടറിക്ക് കൈമാറേണ്ടതാണ്. ചോദ്യങ്ങള്‍ക്ക് ചട്ട പ്രകാരം സമയബന്ധിതമായി മറുപടി നല്‍കേണ്ടത് സംബന്ധിച്ച് 13.7.16, 7.3.2007, 21.12.99 തുടങ്ങി നിരവധി റൂളിങ്ങുകള്‍ ഈ സഭയില്‍ ഉണ്ടായിട്ടുമുണ്ട്.
നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന കാര്യത്തില്‍ ഇത്രയും നിഷേധാത്മകമായ സമീപനം കേരള നിയമസഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ നിയമസഭയുടെ കാലയളവില്‍ തന്നെ 6, 7, 8 സമ്മേളനങ്ങളിലെ നാനൂറോളം നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങള്‍ക്ക് ധനകാര്യ മന്ത്രി മറുപടി നല്‍കാതിരിക്കുകയും പല ദിവസങ്ങളിലും ഒരു ചോദ്യത്തിനു പോലും മറുപടി നല്‍കാതിരിക്കുകയും ചെയ്ത വിഷയം മുന്‍പ് പ്രതിപക്ഷം ബഹുമാനപ്പെട്ട സ്പീക്കറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതാണ്. എന്നാല്‍ കാര്യക്ഷമമായ തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നതിനാല്‍, ഒരു ദിവസം ഉന്നയിച്ച ഇരുന്നൂറോളം ചോദ്യങ്ങളില്‍ ഒന്നിന് പോലും മറുപടി നല്‍കാത്ത സ്ഥിതിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന ഈ സമീപനത്തോട് യോജിക്കുവാന്‍ സാധിക്കില്ല.
മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്ക് അടിയന്തരമായി ഉത്തരം ലഭ്യമാക്കുന്നതിനും ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും കര്‍ശന നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.