തിരുവനന്തപുരം : ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാധരണക്കാരാണ് വന്യജീവി ആക്രമണങ്ങള്‍ ഇരയാകുന്നത്. 9 മാസത്തിനിടെ 85 പേരാണ് വന്യ
ജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നഷ്ടപരിഹാരം നല്‍കാനോ വന്യജീവി ആക്രമണങ്ങള്‍ തടയാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനോ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മലയോര മേഖലയിലെ യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയില്‍ നിന്നും വനം മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വനാതിര്‍ത്തികളിലുള്ള ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് ഒരു തരത്തിലുള്ള കൃഷിയും ചെയ്യാനാകാത്ത അവസ്ഥയാണ്. വന്യമൃഗങ്ങളെ ഭയന്ന് വീടിന് പുറത്ത് ഇറങ്ങാനാകാത്ത തരത്തിലുള്ള ഭീതിതമായ സാഹചര്യമാണ്. എന്നിട്ടും വയനാടിന്റെ ചുമതല കൂടിയുള്ള വനം മന്ത്രി കാട്ടിയത് നിഷ്‌ക്രിയത്വമാണ്.
വളരെ ലാഘവത്വത്തോടെയാണ് ഈ വിഷത്തെ സര്‍ക്കാര്‍ സമീപിക്കുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം നേരിടാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ 48 കോടി രൂപമാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇലക്ട്രിക്് ഫെന്‍സിങിന് പോലും ഈ പണം തികയില്ല. മരിച്ചവര്‍ ഉള്‍പ്പെടെ ഏഴായിരത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. സമാധാനപരമായി യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിയ മാര്‍ച്ച് വരാനിരിക്കുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാണ്.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. എം.എല്‍.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി. സിദ്ദിഖ്, ഐ,സി ബാലകൃഷ്ണന്‍, എ.പി അനില്‍കുമാര്‍, നജീബ് കാന്തപുരം, എ. ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍, സനീഷ് കുമാര്‍ ജോസഫ്, റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, മാത്യു കുഴല്‍നാടന്‍, ഉമ തോമസ്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, സി.ആര്‍ മഹേഷ്, പി.സി വിഷ്ണുനാഥ്, എം വിന്‍സെന്റ് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു