റെക്കോർഡ് നേട്ടവുമായി സഹകരണ ബാങ്കുകൾ; സമാഹരിച്ചത് 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം

Spread the love

സഹകരണ മേഖലയുടെ കരുത്ത് തെളിയിച്ച് റെക്കോർഡ് നേട്ടവുമായി സഹകരണ ബാങ്കുകൾ. 44-ാമത് നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ തുകയാണ് സഹകരണ ബാങ്കുകൾ സമാഹരിച്ചത്. ‘സഹകരണ നിക്ഷേപം നവകേരള നിർമ്മിതിക്കായ്’ എന്ന മുദ്രാവാക്യത്തോടെ ഈ വർഷം ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെയാണ് നിക്ഷേപ സമാഹരണയജ്ഞം നടന്നത്. 9000 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. അതിൽ 7000 കോടി 14 ജില്ലകളിൽ നിന്നും 2000 കോടി രൂപ കേരളാ ബാങ്ക് വഴിയും സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി ഫെബ്രുവരി 12 വരെ ആകെ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആകെ സമാഹരിച്ച തുകയിൽ 20055.42 കോടി രൂപ ജില്ലകളിലെ സഹകരണ ബാങ്കുകളും 3208.31 കോടി രൂപ കേരളാ ബാങ്കുമാണ് സമാഹരിച്ചത്. എറ്റവും കൂടുതൽ പുതിയ നിക്ഷേപം സമാഹരിക്കാൻ സാധിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകൾക്കാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിക്കാൻ കോഴിക്കോട് ജില്ലക്കായി. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു (ടാർജറ്റ് 800 കോടി), മൂന്നാം സ്ഥാനത്തുള്ള കണ്ണൂർ ജില്ലയിൽ 2569.76 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേർന്നു (ലക്ഷ്യമിട്ടിരുന്നത് 1100 കോടി രൂപ), നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1398.07 കോടി രൂപയും (ടാർജറ്റ് 800 കോടിരൂപ), അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1341.11 കോടി രൂപയുമാണ് (ടാർജറ്റ് 400 കോടിരൂപ) പുതുതായി സമാഹരിച്ചത്.

നിക്ഷേപ സമാഹരണത്തിൽ ഉണ്ടായ ഈ നേട്ടം ജനങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസമാണ് തെളിയിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ജനങ്ങൾ ഒന്നായി സഹകരണ മേഖലയ്ക്ക് പിന്നിൽ അണിനിരന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ നിക്ഷേപങ്ങൾ. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ സംഘടിതമായി നടത്തിയ എല്ലാ കള്ളപ്രചരണങ്ങളെയും ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. നിക്ഷേപ സമാഹരണത്തിന്റെ വിജയം സഹകരണ ബാങ്കിങ് മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്ന് നൽകിയിട്ടുണ്ട്. ക്ഷേപ സമാഹരണത്തേയും, കേരളത്തിലെ സഹകരണ മേഖലയെയും ജനങ്ങൾ ഹൃദയത്തിലേറ്റിയെന്നാണ് ഈ നേട്ടം തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *