കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പുച്ഛവും പരിഹാസവും – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (14/02/2024).

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പുച്ഛവും പരിഹാസവും; ഔഡി കാറ് വാങ്ങിയ കര്‍ഷകനല്ല, എല്ലാം നഷ്ടപ്പെട്ട് കടക്കെണിയിലായവരാണ് Dr. Manmohan Singh

കേരളത്തിലെ കര്‍ഷകരുടെ പ്രതീകം; കാര്‍ഷിക കടം എഴുതിത്തള്ളിയ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ ഓര്‍ക്കാതെ കര്‍ഷക കടാശ്വാസ കമ്മിഷന്‍ ഇല്ലാതാക്കിയ പിണറായി സര്‍ക്കാരിനെ ഓര്‍ക്കണമെന്നാണോ കൃഷി മന്ത്രി പറയുന്നത്?

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (14/02/2024).

തിരുവനന്തപുരം : കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പരിഹാസവും പുച്ഛവുമാണ്. നാല് ലക്ഷം രൂപ മാസ വരുമാനമുള്ള ഔഡി കാറുള്ള കര്‍ഷകനാണോ കേരളത്തിലെ ഒരു സാധാരണ കര്‍ഷകന്റെ പ്രതീകം. ഔഡി കാറുള്ള കര്‍ഷകനെ പോലെയാണോ വനാതിര്‍ത്തികളിലും ഹൈറേഞ്ചിലും ഉള്‍പ്പെടെ കഷ്ടപ്പെടുന്ന കര്‍ഷകര്‍. ഓരോ പ്രദേശത്തും ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കര്‍ഷകരാണ്. കേരളത്തിലെ കാര്‍ഷിക മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണ്.

 

തെങ്ങ് കയറുന്നതിന് കൊടുക്കേണ്ട കൂലി നാളികേരം വിറ്റാല്‍ കിട്ടാത്ത അവസ്ഥയാണ്. നാളികേരത്തിന്റെ സംഭരണ വില 34 രൂപയായി പ്രഖ്യാപിച്ചു. നാളികേര സംഭരണം കൃത്യമായി നടന്നിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായേനെ. പക്ഷെ കേരളത്തിലെ നാളികേര സംഭരണം വിജയകരമാണോ? 50000 ടണ്‍

നാളികേരം സംഭരിക്കാന്‍ അനുമതി ലഭിച്ചിട്ട് അഞ്ചില്‍ ഒന്ന് മാത്രമെ സംഭരിക്കാനായുള്ളൂ. അതേസമയം തമിഴ്‌നാട് 50000 ടണ്‍ സംഭരിക്കുകയും 35000 ടണ്‍ കൂടി സംഭരിക്കാനുള്ള പ്രത്യേക അനുമതി നേടുകയും ചെയ്തു. തമിഴ്‌നാട് എണ്‍പതിനായിരത്തോളം ടണ്ണിലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ നാളികേര സംഭരണം പരാജയപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിജയകരമായിരുന്ന നാളികേര സംഭരണം 2017-18 മുതല്‍ 2020-21 വരെ പൂര്‍ണമായും മുടങ്ങി. നാളികേര സംഭരണത്തില്‍ ഗൗരവതരമായ പരാജയമുണ്ടായി.

സംഭരണ സ്ഥലത്തേക്ക് നാളികേരം എത്തിക്കുന്നതിനുള്ള വണ്ടിക്കൂലി പോലും ലഭിക്കുന്നില്ല. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തില്‍ സംഭരണത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സംഭരണ വില 34-ല്‍ നിന്നും 40 ആയി വര്‍ധിപ്പിക്കാനുള്ള ശ്രമവും നടത്തേണ്ടതുണ്ട്. നാളികേരത്തിന്റെ

കാര്യത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് മന്ത്രി പറയുന്നത് തെറ്റാണ്. സംഭരണം പരാജയപ്പെടുകയും നാളികേര കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറുകയും ചെയ്യുകയാണ്. കേരളത്തിലെ നാളികേരത്തിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. ഇതെല്ലാം മറച്ചുവച്ചാണ് കര്‍ഷകരെ ചേര്‍ത്തു പിടിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞത്. കെട്ടിപ്പിടിക്കുകയും ചേര്‍ത്ത് പിടിക്കുകയും മാത്രം ചെയ്താല്‍ മതിയോ? കര്‍ഷകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അധ്വാനത്തിനുള്ള കൂലി കിട്ടണം. കര്‍ഷകന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടോ? മുഖ്യമന്ത്രിയുടെ ചിരിയും ധനകാര്യ കൃഷി മന്ത്രിമാരുടെ സന്തോഷവും കണ്ടപ്പോള്‍ റബറിന്റെ വില കൂട്ടുമെന്നാണ് കരുതിയത്. പക്ഷെ പത്ത് രൂപ വര്‍ധിപ്പിച്ച ധനകാര്യമന്ത്രി നിരാശപ്പെടുത്തി. പ്രഖ്യാപിച്ച താങ്ങുവില പോലും നല്‍കുന്നില്ല.

സംസ്ഥാനത്തിന്റെ സാമ്പദ് വ്യവസ്ഥയിലേക്ക് വലിയ സംഭവന നല്‍കിയിരുന്ന കാര്‍ഷിക മേഖല പൂര്‍ണമായും തകരുകയാണ്. കര്‍ഷകരുടെ മാത്രം പരാതിയാണെന്നു പറയാതെ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. 2020 ന് ശേഷം കര്‍ഷക കടാശ്വാസ കമ്മിഷന്‍ അപേക്ഷ പോലും സ്വീകരിക്കുന്നില്ല. പല സഹകരണ ബാങ്കുകളിലും സര്‍ക്കാര്‍ വിഹിതം നല്‍കാത്തത് കൊണ്ട് വായ്പ അടച്ചു തീര്‍ത്തവര്‍ക്ക് രേഖകള്‍ പോലും നല്‍കുന്നില്ല. കര്‍ഷകര്‍ക്ക് ഒരു ആശ്വാസവും നല്‍കാത്ത കമ്മിഷനായി കടാശ്വാസ കമ്മിഷന്‍ മാറി. വ്യാപകമായ ജപ്തി നടപടികളാണ് കാര്‍ഷിക മേഖലയില്‍ നടക്കുന്നത്. 12000 കോടിയുടെ ഇടുക്കി പാക്കേജും 7000 കോടിയുടെ വയനാട് പാക്കേജും 5000 കോടിയുടെ കുട്ടനാട് പാക്കേജും പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. ഇതില്‍ വയനാട്ടില്‍ കാപ്പി സംഭരണത്തിന് 50 ലക്ഷം മാത്രമാണ് നല്‍കിയത്. പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ മാത്രമാണ്. ഒരു കര്‍ഷകരെയും നിങ്ങള്‍ സഹായിക്കുന്നില്ല. കുട്ടനാട്ടില്‍ കടം കയറി എത്ര കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ആന്തൂരിലെ കര്‍ഷകന്‍ മരിച്ചപ്പോള്‍ അന്വേഷിച്ച് പോയ പോലെ മരിച്ച കര്‍ഷകരുടെ കുടുംബകാര്യങ്ങളിലേക്കൊന്നും പോകേണ്ട. കര്‍ഷകര്‍ കടക്കെണിയിലും ജപ്തി നടപടിയിലുമാണെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ തിരിച്ചറിയണം.

Dr. Manmohan Singh

മന്‍മോഹന്‍ സിങിന്റെ കാലത്തേക്കുറിച്ച് ഓര്‍മ്മിപ്പിക്കരുതേയെന്നാണ് കൃഷി മന്ത്രി പറഞ്ഞത്. 72000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയ സര്‍ക്കാരായിരുന്നു അത്. അതാണോ നിങ്ങള്‍ ഓര്‍മ്മിപ്പിക്കരുതെന്ന് പറയുന്നത്. ലോകത്ത് ഒരു സര്‍ക്കാരും കര്‍ഷകരുടെ കടം ഇതു പോലെ എഴുതിത്തള്ളിയിട്ടില്ല. ആ സര്‍ക്കാരിനെ കുറിച്ചാണ്, ഓര്‍മ്മിപ്പിക്കരുതെന്നെ കേരളത്തിലെ കൃഷിമന്ത്രി പറയുന്നത്. നിങ്ങള്‍ അതെല്ലാം ഓര്‍ക്കണം. നിങ്ങള്‍ ഒന്നും ഓര്‍ക്കാതെ പോകരുത്. കാര്‍ഷിക കടം എഴുതിത്തള്ളിയ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ കുറിച്ച് ഓര്‍ക്കാതെ കര്‍ഷക കടാശ്വാസ കമ്മിഷന്‍ ഇല്ലാതാക്കിയ പിണറായി സര്‍ക്കാരിനെ കുറിച്ചാണോ ഓര്‍ക്കേണ്ടത്?

കാര്‍ഷിക മേഖലയിലെ വിലയിടിവിന് പിന്നാലെയാണ് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം വളരുന്നത്. ഔഡി കാറ് വാങ്ങിയ കര്‍ഷകനല്ല, എല്ലാം നഷ്ടപ്പെട്ട് വട്ടിപ്പലിശയ്ക്ക് പണം വാങ്ങി വിത്തിറക്കിയ കര്‍ഷകരും നാളികേരം വില്‍ക്കാന്‍ സാധിക്കാത്ത കര്‍ഷകരും വനാതിര്‍ത്തികളിലെ നിസഹായരായ കര്‍ഷകരുമായിരിക്കണം നിങ്ങളുടെ മനസില്‍ ഉണ്ടായിരിക്കേണ്ടത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ ലാഘവത്വത്തോടെ കാണുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ അലംഭവത്തില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *