വേറിട്ട അനുഭവവുമായി ഒരു ഇൻവസ്റ്റിഗേറ്റീവ് ഡ്രാമ. തൊണ്ണൂറുകളിൽ നടന്ന രണ്ട് കൊലപാതകങ്ങൾ. അവയ്ക്ക് പിന്നാലെയുള്ള നാല് പോലീസുകാരുടെ ജീവിതം, അതിനിടയിൽ നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങൾ, ഉദ്വേഗ ഭരിതമായ നിമിഷങ്ങൾ, ഇതെല്ലാം ചേർന്നൊരു സൂപ്പർ അന്വേഷണാത്മക സിനിമയാണ് ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും.
ഏറെ പ്രത്യേകതകളുള്ള ഈ സിനിമ രണ്ട് കൊലപാതകങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ആദ്യ പകുതിക്കും രണ്ടാം പകുതിക്കുമുണ്ട് ഓരോ ക്ലൈമാക്സ്. അത്തരത്തിലൊരു മാറി നടത്തം തിരക്കഥയിൽ പരീക്ഷിച്ചിട്ടുണ്ട് എന്നത് വലിയ മുന്നേറ്റമാണ്. ജിനു വി എബ്രഹാമിൻറെ തിരക്കഥ അർഹിച്ച രീതിയിലുള്ള മിതത്വമുള്ള സംവിധാന മികവാണ് ഡാർവിൻറേത്. ടൊവിനോയുടെ പ്രകടനവും ഏറെ മികച്ചുനിൽക്കുന്നതാണ്.
മാത്രമല്ല സിനിമയിലുള്ള ചെറുതും വലുതുമായ എല്ലാ താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ നിർമ്മിച്ച് ഡാർവിൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സമീപകാലത്ത് മലയാളത്തിലിറങ്ങിയ ലക്ഷണമൊത്തൊരു കുറ്റാന്വേഷണ സിനിമ തന്നെയാണ്.
ആദ്യ സംവിധാന സംരംഭമായിട്ടുകൂടി ഡാർവിൻ കുര്യാക്കോസ് എന്ന സംവിധായകൻറേത് കൈയ്യടക്കമുള്ള മേക്കിങ്ങാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമ എന്ന ജോണറിനോട് നീതി പുലർത്തിക്കൊണ്ട് ചിത്രത്തെ ഏറെ മികവുറ്റതായി അവതരിപ്പിച്ചിട്ടുണ്ട്. ഭൂപ്രകൃതി, വേഷവിധാനം, വാഹനങ്ങൾ തുടങ്ങി പിരീഡ് സിനിമ എടുക്കുമ്പോഴുള്ള എല്ലാ വെല്ലുവിളികളേയും അസാധാരണമായ മേക്കിങ് കൊണ്ട് ഡാർവിനും സംഘവും മറികടന്നിട്ടുണ്ട്.
ഗൗതം ശങ്കറിൻറെ ക്യാമറയും സന്തോഷ് നാരായണൻറെ സംഗീതവും പശ്ചാത്തല സംഗീതവും ദിലീപ് നാഥിൻറെ ആർട്ടും സൈജു ശ്രീധറിൻറെ എഡിറ്റിംഗും എല്ലാം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്നു നിൽക്കുന്നതാണ്. മറ്റ് മലയാള സിനിമകളിൽ അധികം കാണാത്ത പുതുമയുള്ള ലൊക്കേഷനുകളും സിനിമയിലുള്ളത് ഫ്രഷ് ഫീൽ സമ്മാനിച്ചു.
vijin vijayappan