ലാജി തോമസ് ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് (ആർവിപി ) ആയി മത്സരിക്കുന്നു

Spread the love

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലിയ സംഘടനയുമായ ഫൊക്കാനയുടെ 2024-26 ഭരണ സമിതിയിലേക്ക് ന്യൂയോർക്കിലെ ലോംഗ് ഐലൻ്റിൽ കഴിഞ്ഞ 30 ൽ പരം വർഷമായി താമസിക്കുന്നതും, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായ ലാജി തോമസ് ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) ആയി മത്സരിക്കുന്നു.

ജനുവരി 28 ന് നടന്ന ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) വാർഷിക പൊതു യോഗത്തിൽ ലാജി തോമസിനെ സംഘടനയിൽ നിന്ന് ആർവിപി ആയി നാമനിർദ്ദേശം ചെയ്യുകയും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ പ്രധാനി കൂടിയാണ് ലാജി. കഴിഞ്ഞ രണ്ടു വർഷം പ്രസിഡണ്ടായിരുന്ന ലാജി തോമസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌, കൾച്ചറൽ പ്രോഗ്രാം കൺവീനർ, കമ്മിറ്റി മെംബർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 2024-26 വർഷത്തെ ബോർഡ്‌ ചെയർമാൻ കൂടിയാണ്. തന്റെ നേതൃത്വ മികവു മൂലം കഴിഞ്ഞ രണ്ട് വർഷം കൊണ്ട് സംഘടനയെ നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനം നൽകുന്നു.

ഫൊക്കാനയുടെ 2022-24 വർഷത്തെ നാഷണൽ കമ്മിറ്റി അംഗമായ ലാജി തോമസ് നിലവിൽ ഫൊക്കാനയുടെ ന്യൂസ്‌ ലെറ്റർ ആയ ഫൊക്കാന ടുഡേ എഡിറ്റോറിയൽ ബോർഡ് അംഗവും, 2022 ൽ ഫ്ലോറിഡായിൽ വച്ചു നടന്ന കൺവെൻഷന്റെ വിവിധ സെഷനുകളിലെ അധ്യക്ഷന്മാരിൽ ഒരുവനും, സുവനീർ എഡിറ്റോറിയൽ ബോർഡ് അംഗവും ആയിരുന്നു. കൂടാതെ കഴിഞ്ഞ വർഷം നടന്ന ഫൊക്കാനയുടെ മെട്രോ റീജിയണൽ ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകുവാനും സാധിച്ചിട്ടുണ്ട്.

ന്യൂയോർക്കിലെ ഏറ്റവും പഴക്കം ചെന്ന എക്യൂമെനിക്കൽ പ്രസ്ഥാനമായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സെക്രട്ടറി, ട്രഷറാർ, ജൂബിലി കൺവീനർ, പ്രോഗ്രാം കോർഡിനേറ്റർ , ക്വയർ കോർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങളിൽ വിവിധ കാലയളവിൽ നേതൃത്വം നൽകിയ ലാജി മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അസംബ്ലി അംഗമായും , സഭയുടെ യുവജന പ്രസ്ഥാനമായ യുവജന സഖ്യത്തിന്റെ ശാഖാ, സെന്റർ , റീജിയൺ, ഭദ്രാസന തലങ്ങളിൽ സെക്രട്ടറി, ട്രഷറാർ, വൈസ്. പ്രസിഡന്റ്, അസംബ്ലി അംഗം തുടങ്ങിയ വിവിധ നിലകളിൽ ചുമതലകൾ വഹിച്ചു. ഇപ്പോൾ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന എക്യൂമെനിക്കൽ റിലേഷൻ കമ്മിറ്റി അംഗവുമാണ്.

ഒരു മികച്ച ഗായകൻ കൂടിയായ ലാജി തോമസ് കഴിഞ്ഞ ഇരുപത്തിയഞ്ചിൽ പരം വർഷമായി ഡിവൈൻ മ്യൂസിക് എന്ന പേരിൽ ഒരു മ്യൂസിക് ഗ്രൂപ്പ്‌ ന്യൂയോർക്ക് കേന്ദ്രമാക്കി നടത്തുന്നു. കൂടാതെ അനേക സിഡികളും, മ്യൂസിക് ആൽബങ്ങളും നിർമ്മിക്കുകയും, അനവധി സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ പ്രവാസി ചാനലിൻ്റെ ന്യൂയോർക്ക് റീജിയണൽ ഡയറക്ടർ ആൻഡ് ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ കൂടി ആണ്.

Author

Leave a Reply

Your email address will not be published. Required fields are marked *