കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കും: മുഖ്യമന്ത്രി
‘യോഗ ജീവിതശാസ്ത്രത്തിൽ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച കൊളോക്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സമൂഹത്തിൽ വർധിച്ചു വരുന്ന രോഗാതുരത, സാംക്രമിക രോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രതിരോധമെന്ന നിലയിൽ യോഗയുടെ സാധ്യതകൾ ഉപയോഗിക്കാവുന്നതാണ്. മികച്ച ആരോഗ്യ ശീലങ്ങളിലൂടെ മാത്രമേ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ. ജീവിത ശൈലീ രോഗങ്ങൾക്കാവശ്യമായ വിവരശേഖരണവും ചികിൽസ സൗകര്യങ്ങൾക്കും സർക്കാർ നടപടി സ്വീകരിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് ആയിരം യോഗക്ലബ്ബുകളും ഗ്രാമപഞ്ചായത്തുകളിൽ കളിക്കളങ്ങളും ഇത്തരം കാഴ്ചപ്പാടോടെ വിഭാവനം ചെയ്തതാണ്. ആയുഷ് ഗ്രാമം പദ്ധതിയിലൂടെ ശാരീരികവും മാനസികവുമായ സന്തുലിതത്വം രോഗികൾക്ക് നൽകാൻ കഴിയുന്നു. തെറാപ്യൂട്ടിക് ചികിൽസ കേന്ദ്രങ്ങൾ സ്ത്രീകൾക്കും വയോജനങ്ങൾക്കും ഏറെ ഉപകാരപ്പെടുന്നു. കേരളത്തിന്റെ ഈ മേഖലയിലെ പ്രവർത്തനങ്ങളെ നീതി ആയോഗ് അഭിനന്ദിക്കുകയും ചെയ്തു. യോഗ, പ്രകൃതി ചികിൽസയിൽ ഇന്ത്യയിലാദ്യമായി ആശുപത്രി തുടങ്ങിയത് വർക്കലയിലാണ്. ഇത്തരത്തിൽ 14 യോഗ നാച്ചുറോപ്പതി കേന്ദ്രങ്ങൾ ആരംഭിക്കുകയാണ്. ഒരു വാർഡിൽ കുറഞ്ഞത് 20 പേരെ ഉൾക്കൊള്ളിച്ചുള്ള യോഗ ഗ്രാമം പദ്ധതി വ്യത്യസ്തമായ ഇടപെടലാണ്.600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിലൂടെ 600 മുഴുവൻ സമയ യോഗ പരിശീലകരെയും ആയുഷ് മിഷനിലൂടെ നിയോഗിച്ചു. മുഹമ്മ സമ്പൂർണ യോഗ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. വയോജനങ്ങളുടെ വ്യായാമം ചെയ്യുന്നതിനുള്ള പരിമിതികൾക്ക് ഏറ്റവും നല്ല പരിഹാരമാണ് യോഗ.തിരുവനന്തപുരത്തെ അന്താരാഷ്ട്ര യോഗ കേന്ദ്രം ദേശീയ, അന്തർദേശീയ ടൂറിസ്റ്റുകൾക്കും സേവനം നൽകാൻ കഴിയുന്ന സ്ഥാപനമായിരിക്കും. യോഗയുടെ സാധ്യതകൾക്കായി ശ്രീ.എം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യ ശാസ്ത്രമടക്കമുള്ള മേഖലയിൽ യോഗയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കൊളോക്യത്തിലെ ചർച്ചക്ക് കഴിയട്ടെയെന്നും മുഖ്യമന്തി ആശംസിച്ചു. ചടങ്ങിൽ ശ്രീ.എം മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ശ്രീ.എം രചിച്ച യോഗ നിരീശ്വരർക്കും എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.