വയനാട്ടിലെ വന്യജീവി ആക്രമണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

Spread the love

വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുന്നത് കണ്ടെത്താൻ 250 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കും. വനം, പൊലിസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.അതിർത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കർണ്ണാടകയിൽ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളിൽ പൊലിസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി. ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്താനുള്ള ഇടപെടൽ ഉണ്ടാകും. മൈക്ക് പ്രചരണവും ലോക്കൽ പൊലിസ് സ്റ്റേഷൻ വഴിയുള്ള പ്രചരണവും നടത്തുന്നുണ്ട്.പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. റവന്യു, വനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ വയനാട് കലക്ട്രേറ്റിൽ യോ​ഗം ചേരും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വേണു വി, സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹം, എം ആർ അജിത് കുമാർ, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വനം വകുപ്പ് മേധാവി ഗംഗ സിംഗ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി പുകഴേന്തി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജയപ്രസാദ്, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *