കേരളത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുമായുള്ള മുഖാമുഖം പരിപാടി ‘നവകേരള കാഴ്ചപ്പാടുകളു’ടെ ഭാഗമായി വിദ്യാർത്ഥി പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിച്ചു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നും
സർവകലാശാലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. അത്യാധുനിക സംവിധാനങ്ങളുള്ളതും മാനവ വിഭവ സൂചികകളിൽ മുന്നിൽ നിൽക്കുന്നതുമായ ഒരു നവകേരളം വാർത്തെടുക്കാൻ വേണ്ട ആശയങ്ങൾ ഈ മുഖാമുഖം പരിപാടിയിലുയർന്നു വന്നു.
കേരളത്തിന്റെ ഭാവുകത്വത്തെ നിർണ്ണയിക്കാവുന്ന നവീനമായ പല നിർദ്ദേശങ്ങളും വിദ്യാർത്ഥികളിൽ നിന്ന് വന്നു. കേരള സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ളവർക്കും ഈ വികസന പ്രക്രിയയിൽ പങ്കുചേരാനാകണം. അതിനായി ‘നവകേരള കാഴ്ചപ്പാടുകൾ’ എന്ന പരിപാടി തുടരുകയാണ്. യുവജനങ്ങളുമായുള്ള മുഖാമുഖം ഫെബ്രുവരി 20 ന് തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കും.കേരളത്തിന്‍റെ വികസന മുന്നേറ്റത്തെ സജീവമായി നിലനിർത്താനും പുത്തൻ ആശയങ്ങൾ യാഥാർഥ്യമാക്കാനും ഈ ആശയസംവാദം ഊർജ്ജം പകരും.