അരലക്ഷം കിലോമീറ്റർ സ്കോർപിയോ കാർ ഓടിച്ച് മൂന്നു ഭൂഖണ്ഢങ്ങളിലൂടെ എഴുപത് രാജ്യങ്ങൾ താണ്ടി ആർക്കിടെക്ട് ബിരുദ ധാരിയുമായ മുഹമ്മദ് സനിൻ : മാത്യുക്കുട്ടി ഈശോ

Spread the love

അരലക്ഷം കിലോമീറ്റർ സ്കോർപിയോ കാർ ഓടിച്ച് മൂന്നു ഭൂഖണ്ഢങ്ങളിലൂടെ എഴുപത് രാജ്യങ്ങൾ താണ്ടി ന്യൂയോർക്കിലെത്തിയ അതിസാഹസിക

ന്യൂയോർക്ക്: ഒരു വർഷത്തിലധികമായി കർണാടക സംസ്‌ഥാനത്തെ മംഗലാപുരത്തു നിന്നും യാത്രതിരിച്ച് ഇന്ത്യൻ നിർമ്മിത മഹിന്ദ്ര എസ്.യു.വി. വാഹനം വിവിധ രാജ്യങ്ങളിലെ റോഡുകളിലൂടെ തനിയെ ഓടിച്ച് അരലക്ഷം കിലോമീറ്റർ താണ്ടുക എന്ന സാഹസികത ആർക്കെങ്കിലും സാധിക്കും എന്ന് പറഞ്ഞാൽ നമ്മിൽ പലർക്കും വിശ്വസിക്കാൻ സാധിക്കാത്ത കാര്യമാണ്. പതിനെട്ടോ ഇരുപതോ മണിക്കൂർ എയർകണ്ടീഷൻ ചെയ്ത വിമാനത്തിൽ യാത്ര ചെയ്ത് ഏഴാം

കടലിനക്കരെ ന്യൂയോർക്കിലെത്തുക എന്നത് തന്നെ നമ്മിൽ പലർക്കും പേടിസ്വപ്നമാണ്‌. അത്തരമൊരു സാഹചര്യത്തിലാണ് സ്വന്തം ഭാര്യയേയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയും വീട്ടിൽ തനിച്ചാക്കി ഉറ്റവരുടേയും ഉടയവരുടേയും സുഹൃത്തുക്കളുടേയും സാമിപ്യം വലിച്ചെറിഞ്ഞു അതിസാഹസിക യാത്രക്ക് തനിയെ ഇറങ്ങി തിരിച്ച ഒരു മുപ്പതു വയസ്സുകാരൻ നമുക്ക് മുമ്പിൽ അഭിമാന പാത്രമാകുന്നത്. മംഗലാപുരം സ്വദേശിയും ആർക്കിടെക്ട് ബിരുദ ധാരിയുമായ മുഹമ്മദ് സനിൻ എന്ന സനിനാണ് സാഹസികമായി ന്യൂയോർക്കിലെത്തിയ ഈ ഒറ്റയാൻ.

കാനഡയിൽ നിന്നും നയാഗ്രാ വഴി ന്യൂയോർക്കിലെത്തി എന്ന വിവരം സനിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലോകത്തെ മലയാളത്തിൽ അറിയിച്ചതുമൂലമാണ് ഒരു പരിചയവുമില്ലാത്ത മലയാളികൾ അദ്ദേഹത്തെ സ്വീകരിക്കാൻ തിങ്കളാഴ്ച്ച വൈകിട്ട് ഒത്തുകൂടിയത്. മലയാളം സിനിമാ കണ്ടും മംഗലാപുരത്തുള്ള മലയാളി സുഹൃത്തുക്കളുമായി സംസാരിച്ചും മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും കന്നഡ കലർന്ന മലയാളത്തിൽ സംസാരിക്കാൻ മാത്രം വശമുള്ള സനിൻ ഇൻസ്റ്റാഗ്രാമിലൂടെ താൻ ന്യൂയോർക്കിലെത്തിയ വാർത്ത അറിയിക്കുകയായിരുന്നു.

“ലോകത്തെല്ലാടത്തും മലയാളികൾ ഉണ്ടെന്നറിയാം. ഫെബ്രുവരി 17 ശനിയാഴ്ച എഴുപതോളം രാജ്യങ്ങൾ കടന്ന് ഞാൻ എൻറെ സ്കോർപിയോ വാഹനത്തിൽ ന്യൂയോർക്ക് സിറ്റിയിലെത്തി. ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ് കാണുന്ന ഏതെങ്കിലും മലയാളി എന്നെ ന്യൂയോർക്ക് സിറ്റി കാണുവാൻ സഹായിക്കാൻ ഉണ്ടെങ്കിൽ ഞാനുമായി ബന്ധപ്പെടുക” വെറും ഒരു മിനിറ്റിനടുത്ത് നീണ്ട ഈ സന്ദേശം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ച സനിനെ സഹായിക്കാൻ ഏതാനും ചില ചെറുപ്പക്കാരായ മലയാളികൾ തയ്യാറെടുക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് സ്റ്റാറ്റൻ ഐലൻഡിൽ നിന്നും ക്യുൻസിൽ ഈ അതിസാഹസികൻ എത്തുന്നു എന്ന വാർത്ത കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA) പ്രഡിഡൻറ് ഫിലിപ്പ് മഠത്തിലിന്റെ ശ്രദ്ധയിൽ തിങ്കളാഴ്ച ഉച്ചയോടെ അറിഞ്ഞപ്പോൾ ഏതാനും മണിക്കൂറുകൾ കൊണ്ട് KCANA സംഘടനാ ഭാരവാഹികളെയും തൻറെ മറ്റ് സുഹൃത്തുക്കളെയും വിവരം അറിയിച്ചാണ് വൈകിട്ട് ആറുമണിക്ക് KCANA-യുടെ സ്വന്തം ആസ്ഥാന മന്ദിരത്തിൽ സ്വീകരണ യോഗം സംഘടിപ്പിച്ചത്.

ഫ്രീലാൻസ് മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ന്യൂയോർക്ക് റീജിയണൽ ഡയറക്ടറുമായ മാത്യുക്കുട്ടി ഈശോയാണ് ഫിലിപ്പ് മഠത്തിലിനെ ഈ വിവരം അറിയിച്ചത്. കേരളാ കൾച്ചറൽ അസ്സോസിയേഷൻ പ്രഡിഡൻറ് ഫിലിപ്പ് മഠത്തിൽ, വൈസ് പ്രസിഡൻറ് സാംസി കൊടുമൺ, സെക്രട്ടറി മാത്യു ജോഷുവ (ബോബി), കഴിഞ്ഞ വർഷത്തെ പ്രസിഡൻറ് രാജു എബ്രഹാം, ജോയിന്റ് സെക്രട്ടറി ജോബി ജോർജ് എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും അസ്സോസ്സിയേഷൻ അംഗങ്ങളും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് ക്വീൻസ് ബ്രഡോക്കിലുള്ള അസ്സോസ്സിയേഷൻ മന്ദിരത്തിൽ സ്വീകരണ യോഗം സംഘടിപ്പിച്ചത്.

ഇന്ത്യൻ നിർമ്മിത വാഹനമായ മഹിന്ദ്ര സ്‌കോർപ്പിയോ എസ്.യു.വി. കാർ മുംബയിൽ നിന്നും കപ്പൽ മാർഗ്ഗം ദുബായിലെത്തിച്ച് പിന്നീട് റോഡുമാർഗ്ഗമാണ് ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും യൂറോപ്പ്യൻ ഭൂഖണ്ഡത്തിലെത്തുന്നത്. ദുബായിൽ നിന്നും ഒമാൻ, യെമൻ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഇറാഖ്, സിറിയ, ടർക്കി വഴി കര മാർഗേന യൂറോപ്യൻ ഭൂഖണ്ഡത്തിലേക്ക് കടന്നു. തുടർന്ന് യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലെ റോഡിലൂടെ കാർ ഓടിച്ച് യൂ.കെ.യിലെത്തുന്നു. പിന്നീട് യൂ.കെ.യിൽ നിന്നും കപ്പൽ മാർഗ്ഗത്തിൽ കാനഡയിലെ ഹാലിഫാക്സ് എന്ന പോർട്ടിൽ സ്‌കോർപ്പിയോ കാർ ഇറക്കുന്നു. അവിടെ നിന്നും വീണ്ടും റോഡ് മാർഗ്ഗം കാനഡയിലെ വിവിധ പ്രൊവിൻസുകൾ സന്ദർശിച്ച് നയാഗ്ര വഴി ശനിയാഴ്ച ന്യൂയോർക്കിൽ എത്തി. ഇനി യു.എസ്സിലെ പല സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് പിന്നീട് കപ്പൽ മാർഗ്ഗം ഓസ്‌ട്രേയിലയായ്ക്കും അവിടെ നിന്നും മലയേഷ്യ, തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം, ലാവോസ്, മ്യാൻമാർ, നേപ്പാൾ വഴി ഇന്ത്യയിൽ എത്തുന്നതിനാണ് സനിൻ പദ്ധതിയിടുന്നത്. ഇനിയും ഏകദേശം എട്ടു മാസത്തിലധികം യാത്ര ചെയ്താണ് സ്വന്തം വീട്ടിലെത്തുവാൻ സാധിക്കൂ എന്നാണ് ഈ അതിസാഹസികൻ പറയുന്നത്.

ചെല്ലുന്ന സ്ഥലങ്ങളിലെ നല്ലവരായ മലയാളികളും മറ്റ് ദേശക്കാരും നൽകുന്ന സാമ്പത്തിക സഹായം മൂലമാണ് യാത്ര മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നത് എന്ന് ആർക്കിടെക്ട് യുവാവ് സാക്ഷ്യപ്പെടുത്തുന്നു. സ്വീകരണ യോഗത്തിൽ പങ്കെടുത്ത എല്ലാവരും ചേർന്ന് ഈ സാഹസികനെ തങ്ങളാലാകും വിധം സഹായിച്ചും അഭിനന്ദനങ്ങൾ അറിയിച്ചും മുമ്പോട്ടുള്ള ശുഭ യാത്രക്കായി അടുത്ത സ്ഥലങ്ങളിലേക്ക് യാത്രയാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *