എറാണാകുളത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 190 എം.എല്‍.ഡി വെള്ളം നല്കാവുന്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ല. ഈ പദ്ധതി നിലനില്‍ക്കെ കാക്കനാട് കിന്‍ഫ്രാ പാര്‍ക്കിലേക്ക് പെരിയാറില്‍ നിന്നും 45 എം.എല്‍.ഡി വെള്ളം കൊണ്ടു പോകുന്നതിനുള്ള പദ്ധതി അംഗീകരിക്കാനാകില്ല. 190 എം.എല്‍.ഡി പദ്ധതി നടപ്പാക്കിയതിനു ശേഷം, പെരിയാറില്‍ വെള്ളം ഉണ്ടെങ്കില്‍ 45 എം.എല്‍.ഡി പദ്ധതി നടപ്പാക്കുന്നതിന് യു.ഡി.എഫ് എം.പിയും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ എതിരല്ല. ജല ദൗര്‍ലഭ്യം പെരിയാറിലുണ്ടെന്നും 190 എം.എല്‍.ഡി പദ്ധതി നടപ്പാക്കിയാല്‍ മറ്റൊരു പദ്ധതിക്ക് വെള്ളം കിട്ടില്ലെന്നും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും വാട്ടര്‍ അതോരിട്ടിയും ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചിരുന്നു. എന്നിട്ടും സര്‍ക്കാരും ചില താല്പര്യക്കാരും ചേര്‍ന്ന് രണ്ട് പദ്ധതികളും നടപ്പാക്കാനുള്ള ജലം പെരിയാറിലുണ്ടെന്ന തെറ്റായ കണക്കാണ് പറയുന്നത്. കിന്‍ഫ്രയ്ക്ക് വേണമെങ്കില്‍ കടമ്പ്രയാറില്‍ നിന്നും വെള്ളം ശുദ്ധീകരിച്ച് എടുക്കാവുന്നതാണ്. കൊച്ചിയിലെയും സമീപ നഗരങ്ങളിലെയും ജില്ലയിലെ പഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ജില്ലയിലുള്ളത്. 190 എം.എല്‍.ഡി പദ്ധതി നടപ്പാക്കിയാലും മൂന്ന് നാല് വര്‍ഷം കഴിയുമ്പോള്‍ ഓഗ്മെന്റ് ചെയ്യേണ്ടി വരും. അതിനാല്‍ അടിയന്തിരമായി പണം അനുവദിച്ച് 190 എം.എല്‍.ഡി പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും വേണ്ടി ആവശ്യപ്പെടുകയാണ്.