കഴുത്തിലൂടെ ഹൃദയ വാല്‍വ് മാറ്റി വെക്കുന്നത് കേരളത്തില്‍ രണ്ടാമത്തേത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷനിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ചു. തിരുവനന്തപുരം ഇളമ്പ സ്വദേശിനിയായ 66കാരിക്ക് അയോര്‍ട്ടിക് വാല്‍വ് സ്റ്റീനോസിസ് എന്ന രോഗത്തിനാണ് ഹൃദയ വാല്‍വ് മാറ്റിവച്ചത്. രോഗിയുടെ കാലിലെ രക്തക്കുഴലുകള്‍ക്ക് ചുരുക്കമുള്ളതിനാലാണ് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കഴുത്തിലെ കരോട്ടിഡ് രക്തധമനി വഴി വാല്‍വ് മാറ്റിവച്ചത്. കേരളത്തില്‍ കഴുത്തിലൂടെ ഹൃദയ വാല്‍വ് മാറ്റി വയ്ക്കുന്ന രണ്ടാമത്തെ കേസാണിത്. രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ നടത്തിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ നിസാറുദീന്റെ ഏകോപനത്തില്‍ പ്രൊഫ. ഡോ. കെ ശിവപ്രസാദ്, പ്രൊഫ. ഡോ. വിവി രാധാകൃഷ്ണന്‍, പ്രൊഫ ഡോ മാത്യു ഐപ്പ് , പ്രൊഫ ഡോ. സിബു മാത്യു, ഡോ. ജോണ്‍ ജോസ്, ഡോ. പ്രവീണ്‍ എസ്, ഡോ. പ്രവീണ്‍ വേലപ്പന്‍, ഡോ. അഞ്ജന, ഡോ. ലെയ്‌സ്, ഡോ. ലക്ഷ്മി, സീനിയര്‍ റെസിഡന്റുമാര്‍ എന്നിവരടങ്ങുന്ന കാര്‍ഡിയോളജി സംഘം, പ്രൊഫ. ഡോ. രവി, ഡോ. ആകാശ്, ഡോ. നിവിന്‍ എന്നിവരടങ്ങുന്ന തൊറാസിക് സര്‍ജറി സംഘം എന്നിവരാണ് ഇംപ്ലാന്റേഷന് നേതൃത്വം നല്‍കിയത്. ഡോ. മായ, ഡോ. അന്‍സാര്‍, എന്നിവരടങ്ങുന്ന അനസ്‌തേഷ്യ സംഘം, കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജിസ്റ്റുമാരായ കിഷോര്‍, അസീം, പ്രജീഷ്, നേഹ, ജയകൃഷ്ണ എന്നിവരും കാത്ത് ലാബ് നഴ്‌സിംഗ് സ്റ്റാഫ് അടങ്ങുന്ന സംഘവും ഇതില്‍ പങ്കുചേര്‍ന്നു. സര്‍ക്കാരിന്റെ സാമ്പത്തിക സഹാത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.