കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ ലോക മാതൃഭാഷാ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ മലയാളനിഘണ്ടു മൊബൈൽ ആപ്പ് ചീഫ് സെക്രട്ടറി ഡോ. വി. വേണു ചടങ്ങിൽ പുറത്തിറക്കി. ഐസിഫോസുമായി (ഇൻർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ) ചേർന്ന് തയ്യാറാക്കിയ ആപ്ലിക്കേഷനിൽ ആദ്യഘട്ടത്തിൽ മൂന്ന്ലക്ഷം വാക്കുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
മലയാള ഭാഷയെ കൂടുതൽ പരിപോഷിപ്പിക്കണമെങ്കിൽ നമ്മുടെ നാട്ടിലെ വിദ്യാർഥികൾക്കിടയിൽ അത് പ്രചരിപ്പിക്കണമെന്ന് അഡ്വ. വി.കെ പ്രശാന്ത്
എം.എൽ.എ പറഞ്ഞു. ഇതിനായി സംസ്ഥാനത്തെ അൺഎയ്ഡഡ് സ്കൂളുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ സ്ഥാപനങ്ങളിൽ ഇന്ന് കൂടുതലായി മലയാള ഭാഷ ഉപയോഗിക്കുന്നു എന്നത് ഏറ്റവും അഭിമാനകരവും സന്തോഷവും നൽകുന്ന കാര്യമാണെന്ന് ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. എല്ലാ വകുപ്പുകളിലെയും ഭൂരിഭാഗം ഫയലുകളും മലയാളത്തിലാണ് സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.പി.ഇ.എസ്.ആർ.ബി. ചെയർമാൻ വി.പി ജോയ് മുഖ്യ പ്രഭാഷണം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐസിഫോസ് ഡയറക്ടർ സുനിൽ ടി.ടി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം, റിസർച്ച് ഓഫീസർ കെ. ആർ. സരിത കുമാരി തുടങ്ങിയവർ സംസാരിച്ചു.