ടി.പിയുടെ കൊലപാതകത്തില്‍ കലാശിച്ചത് പിണറായിയുടെ വ്യക്തി വൈരാഗ്യം : കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍

Spread the love

സമരാഗ്നിയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞത്. (23/02/2024).

ടി.പിയുടെ കൊലപാതകത്തില്‍ കലാശിച്ചത് പിണറായിയുടെ വ്യക്തി വൈരാഗ്യം; പൊന്നാനിയില്‍ സി.പി.എം ചുമക്കുന്നത് പിണറായിയെ അപമാനിച്ച കെ.എസ് ഹംസയെ; കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കിയത് ലാവ്‌ലിന്‍ കിഫ്ബി കേസുകള്‍ കോടതി പരിഗണിക്കുന്ന സാഹചര്യത്തിലെന്നും കെ. സുധാകരന്‍

കുലംകുത്തിയെന്ന് പരസ്യമായി വിളിച്ച പിണറായി വിജയന്‍ ചന്ദ്രശേഖരന്‍ മരിച്ച ശേഷവും കുലംകുത്തി എപ്പോഴും കുലംകുത്തി തന്നെയെന്നാണ് പ്രതികരിച്ചത്. പിണറായിയും ചന്ദ്രശേഖരനും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അതുകൊണ്ടു തന്നെ ആ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ച് അതില്‍ പങ്കാളിത്തമുള്ളവരെ കണ്ടെത്തണം. പിണറായി വിജയനെ കുത്തിന് പിടിച്ച് പുറത്താക്കണമെന്നും കേരളത്തിന് നാണക്കേടാണെന്നും പറഞ്ഞ കെ.എസ് ഹംസയെയാണ് പൊന്നാനിയില്‍ എല്‍.ഡി.എഫ് പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് ഹംസ വ്യക്തമാക്കണം. പിണറായിയെ അപമാനിച്ച ഹംസയെ ചുമക്കാന്‍ തയാറാണോയെന്ന് സി.പി.എമ്മും വ്യക്തമാക്കണം.

ലാവ്‌ലിന്‍ കേസ് അന്തിമതീര്‍പ്പിനായി മെയ് ഒന്നിനു സുപ്രീംകോടതിയും കിഫ്ബി മസാല ബോണ്ട് ഇടപാട് ഈ മാസം 27നും 28നും ഇഡിയും പരിഗണിക്കുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ കേസിലെ സാക്ഷിയും കിഫ്ബി സി.ഇ.ഒയുമായ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം ഏബ്രാഹാമിന് കാബിനറ്റ് റാങ്ക് പദവി നല്കിയത്. ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് കാബിനറ്റ് പദവി നല്‍കുന്നത് നിര്‍ണായകമായ രണ്ടു കേസുകളില്‍

മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യകവചം തീര്‍ക്കാനാണ്. സംസ്ഥാന ഖജനാവില്‍നിന്ന് ഭാരിച്ച പണം ചെലവഴിച്ചാണ് മുഖ്യമന്ത്രി സ്വന്തം തടി സംരക്ഷിക്കാന്‍ നോക്കുന്നത്. കെ.എം ഏബ്രഹാം ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം കിഫ്ബി സി.ഇ.ഒ ആയി നിയമിക്കപ്പെട്ടപ്പോള്‍ പെന്‍ഷന്‍ തുക കുറച്ചശേഷമാണ് പുതിയ തസ്തികയില്‍ ശമ്പളം നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ചീഫ് സെക്രട്ടറിയെന്ന നിലയില്‍ ലഭിച്ചിരുന്ന 2.25 ലക്ഷം രൂപയേക്കാള്‍ അരലക്ഷം രൂപ കൂട്ടി 2.75 ലക്ഷം രൂപയാണ് ശമ്പളം നല്‍കിയത്. 2019 മുതല്‍ എല്ലാവര്‍ഷവും 10% വര്‍ധനയുമുണ്ട്. ഇതിനു പുറമേയാണ് ഇപ്പോള്‍ കാബിനറ്റ് പദവി നല്കിയത്. മന്ത്രിമാര്‍ക്ക് സമാനമായ ആനുകൂല്യങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ സമാഹരിച്ചത് 9.723% എന്ന കൊള്ളപ്പലിശയ്ക്കായിരുന്നു. ഇത് ആഭ്യന്തര വിപണിയിലെ പലിശയേക്കാള്‍ വളരെ കൂടുതലായിരുന്നു. വിദേശത്ത് മസാല ബോണ്ട് വാങ്ങിക്കൂട്ടിയത് ലാവ്‌ലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള സിഡിപിക്യൂ എന്ന കമ്പനിയാണ്. മസാല ബോണ്ട് ഇടപാടില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഈ മാസം 27, 28 തീയതികളിലാണ് ഇ.ഡിക്കു മുന്നില്‍ ഹാജരാകേണ്ടത്. ലാവ്‌ലിന്‍ കേസില്‍ 72-ാം സാക്ഷിയായി മുഖ്യമന്ത്രിക്കെതിരേ മൊഴി കൊടുത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്വാധീനിക്കാന്‍ വിരമിച്ച ഉടനേ കിഫ്ബി സിഇഒ ആയി നിയമിച്ചതെന്ന് ആക്ഷേപമുണ്ട്. ലാവ്‌ലിന്‍ കേസ് അന്തിമ നടപടികളിലേക്കു നീങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സഹായം പിണറായി വിജയന്അനിവാര്യമാണ്.

കെ.പി.പി.സി സംഘടിപ്പിക്കുന്ന സമരാഗ്നി പത്ത് ജില്ലകള്‍ പൂര്‍ത്തിയാക്കി. ആവോശകരമായ സ്വീകരണമാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമരാഗ്നിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചാ സദസില്‍ സാധാരണക്കാരുമായാണ് സംവദിക്കുന്നത്. വിചാരിക്കുന്നതിനും അപ്പുറമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. സര്‍ക്കാരിനെതിരായ അവമതിപ്പാണ് സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള പ്രതികരണത്തില്‍ നിന്നും വ്യക്തമായത്.

പാലയിലും കോട്ടയത്ത് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പുരോഗതിയും വികസനവുമായിരുന്നെങ്കില്‍ പിണറായിയുടെ കാലം ജനദ്രോഹത്തിന്റേതാണെന്നാണ് ജനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവിടെ ഒരു ഭരണം ഉണ്ടോയെന്നു തന്നെ സംശയമാണ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നടപടികളും സംസ്ഥാന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *