ഉയർന്ന താപനില: മാലിന്യ സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ്

Spread the love

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിലും അഗ്നിബാധയുണ്ടാകുന്നത് തടയാൻ നിർദേശങ്ങളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിന് നിർദ്ദേശം നൽകിക്കൊണ്ട് ഉത്തരവിറക്കി. ഉത്തരവിന്റെ ഭാഗമായുള്ള ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഫെബ്രുവരി 29 നകം പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കണം. മാലിന്യ സംഭരണ കേന്ദ്രങ്ങളിലും (MCF, RRF), ലെഗസി ഡംപ് സൈറ്റുകളിലും തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെയും സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്റെയും പൂർണ്ണ ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപന മേധാവി, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്കായിരിക്കും.
മാലിന്യ സംഭരണ കേന്ദ്രങ്ങളും (MCF, RRF), ലെഗസി ഡംപ് സൈറ്റുകളും സന്ദർശിച്ച് അഗ്നി സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിനായി ഒരു ഫയർ ഓഡിറ്റ് ടീമിനെ അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി രൂപീകരിക്കണം. കൗൺസിലർ/വാർഡ് മെമ്പർ, ഹെൽത്ത് ഇൻസ്പെക്ടർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, തദ്ദേശസ്വയംഭരണ സ്ഥാപന എൻജിനിയറിംങ് വിഭാഗം പ്രതിനിധി, ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് പ്രതിനിധി, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി എന്നിവരുൾപ്പെടുന്ന സംഘം മാർച്ച് 5 നകം സ്ഥലങ്ങൾ സന്ദർശിക്കുകയും സുരക്ഷാ സജ്ജീകരണങ്ങളുടെ നിലവിലെ സാഹചര്യവും കുറവുകളും വിലയിരുത്തുകയും വേണം. പോരായ്മകൾ മാർച്ച് 15 നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിഹരിച്ച് ചെക്ക് ലിസ്റ്റ് അപ്ഡേറ്റ് ചെയ്ത് സമർപ്പിക്കണം. നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങളുടെ അവലോകനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ മാർച്ച് 20 നകം നടത്തണം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം മാർച്ച് 20ന് ശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പ്രൻസിപ്പൽ ഡയറക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ സജ്ജീകരണങ്ങൾ സംബന്ധിച്ച അവലോകനയോഗം ചേരണം. ഇതിന്റെ റിപ്പോർട്ട് സർക്കാരിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സമർപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *