സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് (24/02/2024)

Spread the love

ബി.ജെ.പിയെ പോലെ എല്‍.ഡി.എഫും വര്‍ഗീയധ്രുവീകരണത്തിന് ശ്രമക്കുന്നു; ഉദ്യോഗാര്‍ത്ഥികള്‍ പുല്ലു തിന്നും മുട്ടിലിഴഞ്ഞും സമരം ചെയ്യുമ്പോഴാണ് മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം; ടി.പി കൊലക്കേസിലെ ഗൂഡാലോചനയും കുഞ്ഞനന്ദന്റെ മരണത്തിന് പിന്നിലെ ദുരൂഹതയും അന്വേഷിക്കണം.

ആലപ്പുഴ : ഡല്‍ഹിയില്‍ ബി.ജെ.പി ചെയ്യുന്നത് പോലെ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫും വര്‍ഗീയ ധ്രുവീകരണമാണ് നടത്തുന്നത്. ചില കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് സി.പി.എമ്മിന്റെ പ്രചരണ രീതി. മുഖ്യമന്ത്രിയുടെ മുഖാമുഖം സ്റ്റേജ് മാനേജ്‌മെന്റ് ഷോയാണ്. ചോദ്യകര്‍ത്താക്കളെ മുന്‍കൂട്ടി നിശ്ചയിച്ച് മുന്‍കൂര്‍ ചോദ്യങ്ങള്‍ നല്‍കി, സര്‍ക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മുഖാമുഖം നടത്തുന്നത്.

മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും കാണാന്‍ പോകുമ്പോഴാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ പത്തു ദിവസമായി സി.പി.ഒ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ഒഴിവ് ഉണ്ടായിട്ടും നിയമനം നടത്താത്തില്‍ പ്രതിഷേധിച്ച് പുല്ലു തിന്നും ശവമഞ്ചത്തില്‍ കിടന്നും മുട്ടിലിഴഞ്ഞും ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോഴാണ് മുന്‍കൂട്ടി തയാറാക്കിയ ചോദ്യവുമായി മുഖ്യമന്ത്രി മുഖാമുഖത്തിന് ഇറങ്ങിയിരിക്കുന്നത്.

2018-19 മുതല്‍ 2022-23 വരെ മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയ 30 സ്ഥാപനങ്ങളുണ്ട്. ഇ.ഡി, ആദായ നികുതി വകുപ്പ്, സി.ബി.ഐ എന്നിവയുടെ റെയ്ഡിന് ശേഷം ഈ 30 കമ്പനികള്‍ 335 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവന നല്‍കിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വന്‍ അഴിമതിയാണ് ബി.ജെ.പി നടത്തിയത്. ബി.ജെ.പിക്ക് ഒരു കാലത്തും സംഭാവന നല്‍കിയിട്ടില്ലാത്ത 23 കമ്പനികള്‍ 186 കോടിയാണ് നല്‍കിയത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബി.ജെ.പിയുടെ അക്കൗണ്ടിലെത്തിയ 6500 കോടി രൂപയുടെ വിശദവിവരങ്ങള്‍ കൂടി വന്നാല്‍ ഇതിനേക്കാള്‍ വലിയ അഴിമതിയാകും പുറത്തു വരിക. അഴിമതി മറച്ചുവച്ചുകൊണ്ടാണ് മോദിയും സംഘപരിവാറും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. അഴിമതി മറച്ചു വയ്ക്കാനാണ് ബി.ജെ.പി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തുന്നത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ടി.പി കൊലക്കേസിന് പിന്നില്‍ നടന്ന ഉന്നതതല ഗൂഡാലോചനയെ കുറിച്ച് അന്വേഷണം നടത്തണം. കുഞ്ഞനന്ദന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതിന് പിന്നിലുള്ള ഗൂഡാലോചനയെ കുറിച്ചും അന്വേഷിക്കണം. ഈ രണ്ടു വിഷയങ്ങളിലും അന്വേഷണം വേണമെന്ന ആവശ്യത്തില്‍ യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ യു.ഡി.എഫ് നിയമപരമായ വഴികള്‍ തേടും.

സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസില്‍ സമ്പന്നര്‍ ആരും വന്നില്ലെങ്കിലും കര്‍ഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്ക് ഇരയായ സാധാരണക്കാരായ ആളുകളാണ് പങ്കെടുക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ നടത്താന്‍ പോലും ശേഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും 57800 കോടി കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. യഥാര്‍ത്ഥത്തില്‍ 3100 കോടിയാണ് കിട്ടാനുള്ളത്. പതിനാലാം ധനകാര്യ കമ്മിഷനില്‍ നിന്നും പതിനഞ്ചിലേക്ക് വന്നപ്പോള്‍ കേരളത്തിനുള്ള വിഹിതം 2.5 ശതമാനത്തില്‍ നിന്നും 1.92 ആയി കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കണമെന്ന് യു.ഡി.എഫ് എം.പിമാര്‍ കേന്ദ്രധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് യു.ഡി.എഫും ധനകാര്യ കമ്മിഷന് നിവേദനം നല്‍കും. ബജറ്റിന് പുറത്ത് കടമെടുത്തപ്പോഴാണ് കടമെടുപ്പിന് പരിധി വന്നത്. ഇല്ലാത്ത കണക്കാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

കെ. റെയില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായിട്ടും നോട്ടിഫൈ ചെയ്ത ഭൂമി ഡീ നോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. അതിനാല്‍ ഭൂമി വില്‍ക്കാനോ പണയം വയ്ക്കാനോ സാധിക്കാതെ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. കെ. റെയില്‍ നടക്കില്ലെന്ന് സര്‍ക്കാരിനും അറിയാം. എന്നിട്ടും കെ റെയില്‍ വരും കേട്ടോയെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലും കെ റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. ട്രഷറിയില്‍ പൂച്ച പെറ്റു കിടക്കുമ്പോഴാണ് രണ്ട് ലക്ഷം കോടിയുടെ കെ റെയില്‍ നടപ്പാക്കുന്നത്.

തോട്ടപ്പള്ളിയിലെ മണലെടുപ്പിന് പിന്നിലുള്ള അഴിമതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. തോട്ടപ്പള്ളി സമരത്തിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്ഷക്കണക്കിന് രൂപയാണ് കോടതിയില്‍ ഫൈന്‍ അടച്ചത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഗൗരവത്തോടെ പരിഗണിക്കും. സമരം കൂടുതല്‍ ശക്തമാക്കും. സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കും. മാര്‍ച്ച് അഞ്ചിന് പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനും പിന്തുണ നല്‍കും.

Author

Leave a Reply

Your email address will not be published. Required fields are marked *