ന്യൂയോർക്ക് : കർണാടക മംഗലാപുരത്തു നിന്നും ഇന്ത്യൻ നിർമ്മിത മഹീന്ദ്രാ സ്കോർപിയോ എസ്.യു.വി. കാർ റോഡ് മാർഗ്ഗം മൂന്നു ഭൂഖണ്ഡങ്ങളിലെ എഴുപതോളം രാജ്യങ്ങളിലൂടെ അരലക്ഷം കിലോമീറ്റർ ഓടിച്ച് ന്യൂയോർക്കിൽ എത്തിച്ചേർന്ന അതി സാഹസിക യാത്രക്കാരൻ മുഹമ്മദ് സിനാന് (30) ന്യൂയോർക്ക് സെനറ്ററും മലയാളിയുമായ കെവിൻ തോമസ് പ്രശംസാ പത്രം സമ്മാനിച്ചു. ഒരു വർഷത്തിലധികമായി തന്റെ സാഹസിക യാത്ര ആരംഭിച്ച് മൂന്ന് ഭൂഖണ്ഡങ്ങൾ താണ്ടി മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്ത സാഹസികത കാഴ്ച വെച്ച സിനാനെ സെനറ്റർ കെവിൻ മുക്തകണ്ഠം പ്രശംസിച്ചു.
സെനറ്റർ കെവിൻറെ ഇന്ത്യൻ കമ്മ്യൂണിറ്റി ലയസൺ ഓഫീസർ അജിത് കൊച്ചൂസ് എന്ന അജിത് എബ്രഹാം തന്റെ സുഹൃത്തുക്കളുമൊത്ത് സംഘടിപ്പിച്ച അനുമോദന മീറ്റിങ്ങിലാണ് സെനറ്റർ പ്രശംസാ പത്രം സമ്മാനിച്ചത്. ജെറിക്കോയിലുള്ള കൊട്ടിലിയൻ റസ്റ്റോറന്റ് മീറ്റിംഗ് ഹാളിൽ ചേർന്ന ഹൃസ്വ യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഇത്രയും സാഹസികമായ യാത്ര ചെയ്ത് ഇവിടെയെത്തിയ മുപ്പതുകാരനായ യുവാവിനെ അഭിനന്ദിച്ചു.
ഇന്ത്യൻ പതാകയും വഹിച്ച് ഇന്ത്യൻ ടൂറിസത്തിൻറെ സന്ദേശവും ആലേഖനം ചെയ്ത ഇന്ത്യൻ നിർമ്മിത വാഹനത്തിൽ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും റോഡുകളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ യശ്ശസ്സ് ഉയർത്താൻ സാധിച്ച എനിക്ക് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ സെനറ്ററിൽ നിന്നും പ്രശംസാ പത്രം ലഭിച്ച ഈ അവസരം ജീവിതത്തിലെ അമൂല്യ നിമിഷമാണ്. ഞാൻ അതിൽ ഏറ്റവുമധികം അഭിമാനിക്കുന്നു” പ്രശംസാ പത്രം സ്വീകരിച്ചതിനു ശേഷം സിനാൻ വികാരഭരിതനായി പറഞ്ഞു.
സെനറ്ററിന്റെ ഉപദേശക സമിതി അംഗമായ അജിത് കൊച്ചൂസും ബിജു ചാക്കോയും ഈ അതിസാഹസിക യാത്രികനെ കാണുവാൻ സാധിച്ചതിലുള്ള സന്തോഷം അറിയിച്ചു.
ന്യൂയോർക്ക് സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറലിന്റെ പ്രശംസയും ലഭിക്കുവാൻ കിട്ടിയ അവസരം ജീവിതത്തിലെ അഭിമാന നിമിഷങ്ങളിൽ മറ്റൊന്നായിരുന്നു എന്ന് സിനാൻ എല്ലാവരോടുമായി സന്തോഷം പങ്കിടുന്ന അവസരത്തിൽ പറഞ്ഞു. അഭിനന്ദിക്കാൻ എത്തിയവരുമൊരുമിച്ചു തന്റെ അഭിമാന വാഹനത്തോട് ചേർന്ന് ചിത്രങ്ങൾ പകർത്തിയതിന് ശേഷം സ്നേഹസൽക്കാരത്തിലും പങ്കെടുത്ത് സാഹസികയാത്ര തുടരുന്നതിനായി മുഹമ്മദ് സിനാൻ അടുത്ത സ്ഥലത്തേക്ക് യാത്ര തുടർന്നു.