കർഷക ഉത്പാദക സംഘങ്ങളുടെ ‘തരംഗ്’ മേളയ്ക്ക് കൊച്ചിയിൽ തുടക്കം

Spread the love

കൊച്ചി: കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പുവരുത്താനും ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്നും കർഷകരെ സ്വതന്ത്രമാക്കാനും ലക്ഷ്യമിട്ട്, നബാർഡിന്റെ സാമ്പത്തിക സഹകരണത്തോടെ കർഷക ഉത്പാദക സംഘങ്ങൾ (എഫ്പിഒ) സംഘടിപ്പിക്കുന്ന ‘തരംഗ്’ മേളയ്ക്ക് തുടക്കമായി. ഫെബ്രുവരി 23 മുതൽ 25 വരെ കൊച്ചി റെനെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ജി. ഗോപകുമാരൻ നായർ നിർവഹിച്ചു. ജൈവ, പരമ്പരാഗത കാർഷിക വിളകൾ കർഷകരിൽനിന്നും നേരിട്ട് വാങ്ങുന്നതിനുള്ള അവസരമാണ് മേള ഒരുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധയിനം കാർഷിക ഉത്പന്നങ്ങളുടെയും കൃഷി അനുബന്ധ സാമഗ്രികളുടെയും 40ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്. കർഷകന് പരമാവധി വില ഉറപ്പിച്ചുകൊണ്ട്, ഉപഭോക്താവിന് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.

കർഷകർക്ക് വായ്പാ സഹായങ്ങൾ നൽകുക, ഗവണ്മെന്റ് ആനുകൂല്യങ്ങൾ നേടിക്കൊടുക്കുക, ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങൾക്ക് വില സ്ഥിരത ഉറപ്പുവരുത്തുക എന്നിവയാണ് കർഷക ഉത്പാദക സംഘങ്ങൾ വഴി വിഭാവനം ചെയ്യുന്നത്. കാർഷിക ഉത്പനങ്ങൾ നേരിട്ട് സംഭരിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഓൺലൈൻ സേവനം (ONDC Portal) കർഷക ഉത്പാദക സംഘങ്ങളുമായി ചേർന്ന് നേരത്തെ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഈ ഓൺലൈൻ സേവനങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാനും ‘തരംഗ്’ മേള ലക്ഷ്യമിടുന്നു. മേളയിൽ നാടൻ പച്ചക്കറികൾ, ഓർഗാനിക് ടൂത്ത് പൗഡർ, റെഡി ടടു ഈറ്റ് വിഭവങ്ങൾ, വിവിധയിനം മസാലകൾ, കറിപ്പൊടികൾ പ്രകൃതിദത്ത സൗന്ദര്യവർധക ഉത്പന്നങ്ങൾ, എന്നിവയുടെ സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യം.

Photo Caption; കൊച്ചിയിൽ സംഘടിപ്പിച്ച കർഷക ഉത്പാദക സംഘങ്ങളുടെ മേള ‘തരംഗ്’ നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ജി. ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *