വരൂ, തലശ്ശേരി പൈതൃക നഗരം ചുറ്റിക്കാണാം.
തലശ്ശേരിയിലെയും മാഹിയിലെയും പൈതൃക ഇടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ക്കായി തലശ്ശേരിയില്‍ കെ.എസ്.ആര്.ടി.സി ഡബിള്‍ ഡക്കര്‍ ടൂറിസ്റ്റ് ബസ് ഓടിത്തുടങ്ങി. ഒരേസമയം നഗരകാഴ്ചകളും ആകാശകാഴ്ചകളും യാത്രികര്‍ക്ക് ആസ്വദിക്കാനാവുന്ന റൂഫ്ലൈസ് ബസിന്റെ ഫ്ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍, തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനാഖാണി, സബ്കലക്ടര്‍ സന്ദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പൈതൃക നഗരിയായ തലശ്ശേരിയുടെ ടൂറിസം വളര്‍ച്ചക്ക് ഹെറിറ്റേജ് ബസ് മുതല്‍കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മന്ത്രിയുടെയും സ്പീക്കറുടെയും നേതൃത്വത്തില്‍ തലശ്ശേരിയില്‍ ബസില്‍ സവാരിയും നടത്തി. ആദ്യയാത്ര ഫെബ്രുവരി 24ന് പുറപ്പെടും.തലശ്ശേരി ഡിപ്പോയില്‍ നിന്നും യാത്ര ആരംഭിക്കുന്ന ബസ് നിട്ടൂരിലെ ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയം, തലശ്ശേരി ദേശീയപാതയിലെ പഴയ കോടതി കെട്ടിട സമുച്ഛയം, സെന്റിനറി പാര്‍ക്ക്, സിവ്യൂ പാര്‍ക്ക്, ഓവര്‍ബറീസ് ഫോളി, കോട്ട, ലൈറ്റ് ഹൗസ്, ജവഹര്‍ഘട്ട്, കടല്പാലം, പാണ്ടികശാലകള്‍, ഗോപാലപേട്ട ഹാര്‍ബര്‍ എന്നിവിടങ്ങളിലൂടെ മാഹിയിലെത്തും. മാഹി ബസേലിക്ക ചര്‍ച്ച്, മൂപ്പന്‍സ് ബംഗ്ലാവ്, വാക് വേ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം അഴിയൂരിലെത്തും. ഇവിടെ നിന്ന് ബൈപാസ് വഴി മുഴപ്പിലങ്ങാട് വഴി തലശ്ശേരിയില്‍ തിരിച്ചെത്തുന്നതാണ് നിലവിലെ റൂട്ട് മാപ്പ്. ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.അടുത്തഘട്ടത്തില്‍ പൊന്ന്യം ഏഴരക്കണ്ടം, കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങള്‍ കൂടി ഉള്‍പെടുത്തും. ഏഴു മണിക്കൂറേക്കുള്ള യാത്രാ തലശ്ശേരിക്കാര്‍ക്ക് പുതിയ അനുഭവ പകരും. വിദ്യാര്‍ഥികള്‍ക്കും ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്കും പ്രത്യേക ഇളവോടെയുള്ള പാക്കേജുമുണ്ടാവും. പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുന്‍കൈയ്യെടുത്താണ് ഡബിള്‍ ഡെക്കര്‍ ബസ് തലശ്ശേരിയിലെത്തിച്ചത്.ബുക്കിങിന് വേണ്ടി: ടി.കെ. റിനീഷ് ബാബു 9495650994, കെ.ടി. ദിബീഷ് 9895221391, സി. ഹരീന്ദ്രന്‍ 9847940624 നമ്പറുകളില്‍ ബന്ധപ്പെടാം.