സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി

Spread the love

ആകെ 663 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യം.

തിരുവനന്തപുരം: നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ഏപ്രില്‍ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ശേഷമുള്ളവയാണിവ. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും

അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഇതോടെ ആകെ 663 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി ഈ സര്‍ക്കാര്‍ 5415 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ നഗര പ്രദേശങ്ങളിലും 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ഇവയെല്ലാം യാഥാര്‍ത്ഥ്യമാകുന്നതോടെ വീട്ടിന് തൊട്ടടുത്ത് തന്നെ പ്രാഥമിക ആരോഗ്യ പരിചരണവും രോഗപ്രതിരോധവും ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍, തൊടിയൂര്‍, പത്തനംതിട്ട ജില്ലയിലെ കുളനട, ആങ്ങമൂഴി, ആലപ്പുഴ ജില്ലയിലെ മുളക്കുഴ, ആറാട്ടുപുഴ, ബുധനൂര്‍, കോട്ടയം ജില്ലയിലെ കടനാട്, തൃശൂര്‍ കുത്താമ്പുള്ളി, കൂര്‍ക്കഞ്ചേരി, മുണ്ടത്തിക്കോട്, പൊറത്തിശ്ശേരി, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, കൊടുമ്പ്, പൊല്‍പ്പുള്ളി, പുതുനഗരം, നാഗലശ്ശേരി, തിരുവേഗപ്പുര, ലക്കിടി, പിരായിരി, മലപ്പുറം ജില്ലയിലെ തൃക്കണാപുരം, തൃപ്പനച്ചി, വെട്ടത്തൂര്‍, കീഴാറ്റൂര്‍, കുറുമ്പലങ്ങോട്, എടപ്പറ്റ, അമരമ്പലം, കോഴിക്കോട് ജില്ലയിലെ തൂണേരി, വയനാട് ജില്ലയിലെ കുറുക്കന്‍മൂല, പാക്കം, മുള്ളന്‍കൊല്ലി, കാപ്പ്കുന്ന്, ചുള്ളിയോട്, വരദൂര്‍, കാസര്‍ഗോഡ് ജില്ലയിലെ പുത്തിഗെ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തനസജ്ജമാക്കിയത്. ഇതില്‍ കുളനട, ആങ്ങമൂഴി, തൂണേരി തുടങ്ങിയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു.

രാവിലെ 9 മണിമുതല്‍ 6 മണിവരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ ബോധവത്ക്കരണത്തിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *