ഡിജിറ്റൽ ഇടങ്ങൾ പൊതു ഇടങ്ങളാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഇടങ്ങളെയും ഭിന്നശേഷിസൗഹൃദമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പോൾ മാത്രമേ കേരളം അക്ഷരാർത്ഥത്തിൽ ബാരിയർ ഫ്രീ ആവുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാരം തുടങ്ങിയ ചർച്ചചെയ്യുന്നതിനും പുതിയ നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായി സംവദിക്കുന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2023 സെപ്റ്റംബർ വരെ 170 ലധികം വെബ്സൈറ്റുകൾ ഭിന്നശേഷി സൗഹൃദമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവയേയും ഇത്തരത്തിൽ മാറ്റിത്തീർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയും പാർക്കുകളെയും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ‘ബാരിയർ ഫ്രീ കേരള’ പദ്ധതി നടപ്പാക്കിവരികയാണ്. രണ്ടായിരത്തിലധികം പൊതുകെട്ടിടങ്ങൾ ഇതിനകം തടസരഹിതമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടെ ഭിന്നശേഷി സൗഹൃദമാക്കി ഭിന്നശേഷിക്കാർക്കു വിനോദത്തിനുള്ള അവസരങ്ങളും ഒരുക്കുന്നു. ബാരിയർ ഫ്രീ കേരള പദ്ധതിക്കായി എട്ടു കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ തുടർ പ്രവർത്തനങ്ങൾക്കായി 19.5 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.