സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടക്കിയതും പിണറായി സര്‍ക്കാരിന്റെ നേട്ടം : കെ.സി.വേണുഗോപാല്‍

Spread the love

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന ഗതികേടിലേക്ക് കേരളത്തെ നയിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി സര്‍ക്കാരിനും അഭിമാനിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

അടിമുടി പരാജയമായ ഒരു സര്‍ക്കാരും ആ സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്‌മെന്റുമാണ് ഇതിന് കാരണം.കൈയും കണക്കുമില്ലാതെ ഖജനാവിലെ പണം സര്‍ക്കാര്‍ ധൂര്‍ത്തടിച്ചതിന്റെ പരിണിതഫലമാണ് ഒരു ജനത അനുഭവിക്കുന്നത്. അഞ്ചര ലക്ഷം വരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമാണ് ശമ്പളം ലഭിക്കാത്തത്. ശമ്പളം മാത്രമല്ല, സാമൂഹിക ക്ഷേമ പെന്‍ഷനും പദ്ധതികളും ഉള്‍പ്പെടെ അവതാളത്തിലാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനത്തിന്റെ

നടുവൊടിക്കും വിധം നികുതികള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ജനദ്രോഹ നടപടികളില്‍ കേന്ദ്രവും സംസ്ഥാനവും ഒരേ നിലയില്‍ പ്രതിക്കൂട്ടിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം മുടക്കം കൂടാതെ നല്‍കുകയും ചെയ്തു.അഴിമതിയും കെടുകാര്യസ്ഥതയും മാത്രം കൈമുതലാക്കി ഈ നിലയിലേക്ക് കേരളത്തെ തള്ളിയിട്ട സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാഴ്ച വിദൂരമല്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *