നാവായിക്കുളം ഗവ.എം.എൽ.പി സ്‌കൂളിന് പുതിയ മന്ദിരവും പ്രവേശന കവാടവും

Spread the love

ആധുനികവും അനുകൂലവുമായ പഠനാന്തരീക്ഷം ഒരുക്കുക സർക്കാരിന്റെ കടമയെന്ന് മന്ത്രി വി.ശിവൻകുട്ടി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും വിദ്യാകിരണം പദ്ധതിയുടെയും അടിസ്ഥാനശിലകളിലൊന്ന് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങളുടെ വികസനമാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നവായിക്കുളം പുല്ലൂർമുക്കിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമായ ഗവൺമെന്റ് എം.എൽ.പി സ്‌കൂളിലെ ബഹുനില മന്ദിരത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും ജന്മാവകാശമാണെന്ന സർക്കാരിന്റെ നയമാണ് വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നിരവധി മുന്നേറ്റങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

2,595 കോടി രൂപ മുതൽ മുടക്കിൽ കിഫ്ബിയുടെ പിന്തുണയോടെ 973 സ്‌കൂളുകൾക്ക് കെട്ടിടം പണിയാൻ അനുമതി നൽകിയതായി മന്ത്രി പറഞ്ഞു. കൂടാതെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, തദ്ദേശ സ്വയംഭരണ ഫണ്ട് തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് 2,500 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂൾ എന്ന നിലയിൽ കിഫ്ബിയുടെ ധനസഹായത്തോടെ 141 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 5 കോടി അനുവദിച്ചു. 3 കോടി മുതൽ മുടക്കിൽ 386 സ്‌കൂളുകളിൽ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകി. ഒരു കോടി മുതൽ മുടക്കിൽ 446 സ്‌കൂളുകളിൽ കെട്ടിടങ്ങൾ നിർമിക്കുകയാണ്.

വിദ്യാർത്ഥികൾക്ക് ആധുനികവും അനുകൂലവുമായ പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് സർക്കാർ പ്രതിബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ നവീകരണ സംരംഭത്തിന്റെ ഭാഗമായി, 8 മുതൽ 12 വരെ ക്ലാസുകളിലെ 4,752 സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക് പഠന ഇടങ്ങളാക്കി മാറ്റി. ബ്രോഡ്ബാൻഡ് നെറ്റ്വർക്കിന്റെയും ഇന്ററാക്ടീവ് വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിന്റെയും ആമുഖം വിദ്യാഭ്യാസത്തെ പുതിയ ഉയരങ്ങളിലെത്തിച്ചതായും 11,257 ഹൈടെക് ലാബുകൾ സജ്ജമാക്കിയതായും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. വി.ജോയി എം.എൽ.എ അധ്യക്ഷനായിരുന്നു.

കിഫ്ബി ഫണ്ടിൽ നിന്നും 1.35 കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിൽ പുതിയ ഇരുനില കെട്ടിടം പണിതത്. 459.16 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ എട്ട് ക്ലാസ് മുറികളും ഒരു സ്റ്റെയർ റൂമും വരാന്തയുമാണ് കെട്ടിടത്തിലുള്ളത്. ഇതിന് പുറമേ 38.94 ചതുരശ്ര വിസ്തീർണത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റ് ബ്ലോക്കും നിർമിച്ചിട്ടുണ്ട്.

വി.ജോയ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് പ്രവേശന കവാടം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിർമാണ ചുമതല വഹിച്ചത്.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം പ്രിയദർശിനി, മറ്റ് ജനപ്രതിനിധികൾ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷൈല യു.എസ്, സ്‌കൂൾ പ്രധാനാധ്യാപിക എൽ.ജയലക്ഷ്മി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *