നഗരമേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന ‘ക്വിക് സെർവ്’ പദ്ധതിക്ക് തുടക്കം
കുടുംബശ്രീ ജീവനക്കാർക്ക് ഇനി ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്‌ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.
നഗരമേഖലയിൽ വിവിധ സേവനങ്ങൾക്കായി കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ‘ക്വിക് സർവ്’ പദ്ധതിയുടെ ഉദ്ഘാടനവും ‘രചന’ സമാപനം, അയൽക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളിൽ പ്രവർത്തനം തുടങ്ങുന്ന ജെൻഡർ പോയിൻറ് പേഴ്‌സൺ പ്രഖ്യാപനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
കേരളത്തിലെ സാമൂഹ്യ മണ്ഡലത്തിൽ സ്ത്രീസുരക്ഷയും ലിംഗപദവി തുല്യതയും ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീ പ്രവർത്തനങ്ങൾ വഴി സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷം കൊണ്ട് കേരളീയ സ്ത്രീജീവിതത്തിന്റെ തലവര മാറ്റിയതുപോലെ സാമൂഹ്യജീവിതത്തിന്റെ വിധിവാക്യങ്ങളെ മാറ്റിയെഴുതാനും കുടുംബശ്രീക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ പ്രധാന ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിനൊപ്പം സ്ത്രീസുരക്ഷയ്ക്കും തുല്യപ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. പലതിന്റെയും പേരിൽ മാറ്റിനിർത്തപ്പെടുന്ന സാഹചര്യം നിലനിൽക്കുന്ന ഈ കാലത്ത് എല്ലാവരേയും ഉൾച്ചേർത്തു കൊണ്ടു മുന്നോട്ടു പോവുന്ന പ്രവർത്തനമാണ് കുടുംബശ്രീയുടേത്. ആഗോളതലത്തിൽ ശ്രദ്ധനേടിയ മികച്ച പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ വഴികളിൽ ദീർഘദൂരം പിന്നിടാൻ കുടുംബശ്രീക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ‘ക്വിക്ക് സെർവ്’ ടീമിനുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ലോഗോ പ്രകാശനവും അവർ നിർവഹിച്ചു.
രാവിലെ ഉദ്ഘാടന പരിപാടിക്കു മുന്നോടിയായി സംഘടിപ്പിച്ച സെഷനിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് രംഗശ്രീ പ്രവർത്തകരും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന കലാപ്രകടനവും കുടുംബശ്രീയുടെ ‘ധീരം’ കരാട്ടെ പരിശീലന പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നേടിയ മാസ്റ്റർ പരിശീലകരുടെ കരാട്ടെ പ്രദർശനവും വേദിയിൽ അരങ്ങേറി. സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്, ജെൻഡർ റിസോഴ്‌സ് സെൻറർ എന്നിവയിലൂടെ ലഭ്യമായ സേവനങ്ങൾ തങ്ങളുടെ ജീവിതത്തെ എപ്രകാരം സഹായിച്ചുവെന്ന് ഗുണഭോക്താക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
‘വനിതകളിൽ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക’ എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം അർത്ഥവത്താക്കിയാണ് കുടുംബശ്രീയുടെ വനിതാദിനാഘോഷം സംഘടിപ്പിച്ചത്.