പൗരത്വ ഭേദഗതി നിയമം; രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം മാര്‍ച്ച് 13ന് (ഇന്ന്)

Spread the love

പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് മാര്‍ച്ച് 13 ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു മണിവരെ കെപിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചര്‍ച്ചകള്‍ക്ക് ശേഷം കെപിസിസി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പെട്ടന്ന് പൗരത്വ ഭേദഗതി നിയമം 2024 വിജ്ഞാപനമായി ഇറക്കിയത് ഇലക്ഷന്‍ സ്റ്റണ്ടാണ്. വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനാണ് ശ്രമം. 2019 ല്‍ പാസാക്കിയ നിയമ ഭേദഗതി ബില്ല് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അഞ്ചുവര്‍ഷം കാത്തിരുന്നത് തിരഞ്ഞെടുപ്പില്‍ ഇത് ആയുധമാക്കാനാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ പൗരത്വം നിര്‍ണ്ണയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ജാതി-മത വ്യവസ്ഥകള്‍ക്ക് അപ്പുറം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ വിജ്ഞാപനം സമൂഹത്തിനിടയില്‍ ഭിന്നതയും വിദ്വേഷവും ആളിക്കത്തിക്കും. ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെ യുഡിഎഫും കോണ്‍ഗ്രസും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് തോല്‍പ്പിക്കും. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പുതുമയുള്ളതല്ല. നിയമസഭയില്‍ പ്രതിപക്ഷ പിന്തുണയോടെ ഏകകണ്ഠമായാണ് ഈ വിഷയത്തില്‍ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പൗരത്വ ബില്ലിനെതിരായി കേരളത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് എതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *