തൃശൂര്‍: ഇസാഫ് ഫൗണ്ടേഷന്റെ 32-ാം സ്ഥാപക ദിനാഘോഷവും രാജ്യത്തെ മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഏഴാം വാര്‍ഷികവും തൃശ്ശൂരില്‍ ആഘോഷിച്ചു. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് ഓണ്‍ലൈന്‍ സന്ദേശം നല്‍കി. ജനങ്ങളുടെ ജീവിതക്രമത്തെ ഉയര്‍ത്തുന്ന ഇസാഫ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാകുമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. റവന്യു മന്ത്രി കെ. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നേതൃത്വത്തിന്റെ ആത്മസമര്‍പ്പണവും ഇടപാടുകളിലെ സുതാര്യതയും ഇസാഫിനെ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കേരളത്തില്‍ നിന്ന് തുടങ്ങുകയും ഇന്ന് രാജ്യവ്യാപകമായി പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഇസാഫ്, രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ജനകീയതയാണ് ഇസാഫിന്റെ പ്രത്യേകത. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുകയും അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഇസാഫിന്റെ നടപടികള്‍ക്ക് ഭാവിയിലും കരുത്തേറും’. അദ്ദേഹം പറഞ്ഞു.
ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് സ്ഥാപകദിന സന്ദേശം നല്‍കി. രാജ്യത്തെ പ്രധാന ധനകാര്യ സ്ഥാപനമാകാനുള്ള പ്രയാണമാണ് ഇസാഫ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘സമൂഹത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ കുറച്ച്, എല്ലാവര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഇസാഫിന്റെ ശാഖകളിലൂടെ നടത്തുന്നത്. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച രാജ്യത്തെ 79 ലക്ഷം കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനാണ് പ്രഥമ പരിഗണന.’ അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഇസാഫ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച സ്ത്രീ രത്‌ന പുരസ്‌ക്കാരം ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ മുന്‍ ശാസ്തജ്ഞ ഡോ. ടെസ്സി തോമസിന് സമര്‍പ്പിച്ചു. മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരം ജബല്‍പൂര്‍ ഇന്ത്യന്‍ കോഫി വര്‍ക്കേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി, സാവിത്രീ ഫുലെ ഗോട്ട് ഫാമിംഗ് പ്രൊഡ്യൂസര്‍ കമ്പനി, അട്ടപ്പാടി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നീ സൊസൈറ്റികള്‍ കരസ്ഥമാക്കി. മികച്ച സ്ത്രീ സംരംഭകരെ ആദരിച്ച ചടങ്ങില്‍ ഇസാഫ് കോ ഓപ്പറേറ്റീവ് നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടുകളുടെ താക്കോല്‍ദാനവും നടന്നു. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇസാഫ് ബാങ്ക് കോര്‍പ്പറേറ്റ് മൈ സ്റ്റാമ്പ് പുറത്തിറക്കി.
മേയര്‍ എം. കെ. വര്‍ഗിസ്, നാഷണല്‍ കോ ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാവിത്രി സിംഗ്, ഇസാഫ് സഹ സ്ഥാപകരായ മെറീന പോള്‍, ഡോ. ജേക്കബ് സാമുവേല്‍, സാധന്‍ സിഇഒ ജിജി മാമ്മന്‍, എംഫിന്‍ സിഇഒ അലോക് മിശ്ര, ഇസാഫ് ബാങ്ക് ചെയര്‍മാന്‍ പി. ആര്‍. രവിമോഹന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് തോമസ്, ഹരി വെള്ളുര്‍, ഇസാഫ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ഇടിച്ചെറിയ നൈനാന്‍, ഇസാഫ് കോ ഓപ്പറേറ്റീവ് സിഇഒ ക്രിസ്തുദാസ് കെ. വി., പ്രചോദന്‍ ഡെവലപ്‌മെന്റ് സര്‍വീസസ് ഡയറക്ടര്‍ എമി അച്ചാ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Photo Caption; തൃശൂരിൽ സംഘടിപ്പിച്ച ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഏഴാമത് വാർഷികാഘോഷം റവന്യു മന്ത്രി കെ. രാജൻ ഉദ്‌ഘാടനം ചെയ്യുന്നു.
Ajith V Raveendran