സപ്ലൈകോ വഴി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ശബരി കെ-റൈസ് വിപണിയിൽ. കെ-റൈസ് വിപണിയിലെത്തിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രതികൂല സാഹചര്യങ്ങളിലും ഒരൊറ്റ ക്ഷേമ-വികസന പദ്ധതിയിൽനിന്നും സംസ്ഥാന സർക്കാർ പിന്നോട്ടുപോകില്ലെന്നും ഈ നിലപാടിന്റെ ദൃഷ്ടാന്തമാണു ശബരി കെ-റൈസെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്പോളത്തിൽ പല ബ്രാൻഡുകളോടും മത്സരിക്കുന്ന സപ്ലൈകോയുടെ ബ്രാൻഡിങ് പ്രധാനമാണെന്നതു മുൻനിർത്തിയാണു ശബരി കെ-റൈസ് എന്ന പ്രത്യേക ബ്രാൻഡിൽ അരി വിപണിയിലെത്തിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്പന്നങ്ങൾക്കു മികച്ച വിപണിവില ലഭിക്കുന്നതിൽ ബ്രാൻഡിങിനു വലിയ പങ്കുണ്ട്. കിലായ്ക്കു 40 രൂപയോളം ചെലവഴിച്ചു സർക്കാർ വാങ്ങുന്ന ഈ അരി മട്ട, ജയ, കുറുമ ഇനങ്ങൽ 29/30 രൂപയ്ക്കു പൊതുജനങ്ങൾക്കു നൽകുകയാണ്. ഓരോ കിലോയ്ക്കും 10 മുതൽ 11 രൂപ വരെ സബ്സിഡി നൽകി ഫലപ്രദമായ വിപണി ഇടപെടലാണു സർക്കാർ ഉറപ്പാക്കുന്നത്. കെ-റൈസിനു പുറമേ സപ്ലൈകോ വിൽപ്പനശാലകൾ വഴി അഞ്ചു കിലോ അരി കൂടി പൊതുജനങ്ങൾക്കു ലഭിക്കും.