ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ ‘സി-വിജിൽ’, ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ‘സക്ഷം’ മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
➢ ചട്ടലംഘനങ്ങൾ അറിയിക്കാൻ ‘സി-വിജിൽ’
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷൻ തയ്യാറാക്കിയ ആപ്പാണ് വിജിലൻസ് സിറ്റിസൺ (സി-വിജിൽ) ആപ്പ്. പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ സംബന്ധിച്ച ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പകർത്തി സി-വിജിൽ ആപ്പ് വഴി പരാതി അറിയിക്കാം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നൽകാം. ഇത്തരത്തിൽ നൽകുന്ന പരാതികൾക്ക് 100 മിനുട്ടിനുള്ളിൽ നടപടിയാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
➢ ഭിന്നശേഷിക്കാർക്കായി ‘സക്ഷം’ മൊബൈൽ ആപ്പ്
തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് ‘സക്ഷം’ മൊബൈൽ ആപ്പ്. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യൽ, മറ്റ് തിരുത്തലുകൾ വരുത്തൽ, പോളിംഗ് സ്റ്റേഷൻ കണ്ടെത്തൽ, വോട്ട് രേഖപ്പെടുത്തൽ എന്നിവക്ക് ആവശ്യമായ സഹായങ്ങൾ ആപ്പിലൂടെ ലഭിക്കും. വോട്ടെടുപ്പ് ദിവസം വീൽചെയർ ഉൾപ്പെടെയുള്ള സേവനങ്ങൾ ആപ്പ് വഴി ആവശ്യപ്പെടാം. ആപ്പിന്റെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകൾ ലഭ്യമാണ്.
➢ ഇ.എസ്.എം.എസ് ആപ്പ്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട വിരുദ്ധമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഫീൽഡ് സർവൈലൻസ് ടീമുകൾ ഉപയോഗിക്കുന്ന ആപ്പാണ് ഇലക്ഷൻ സീഷർ മാനേജ്‌മെന്റ് സിസ്റ്റം (ഇ.എസ്.എം.എസ് ആപ്പ്). 10 ലക്ഷം രൂപക്ക് മുകളിലുള്ള അനധികൃത പണമോ മറ്റ് വസ്തുകളോ കണ്ടെത്തിയാൽ ആപ്പിൽ രേഖപ്പെടുത്തും. ബന്ധപ്പെട്ട നോഡൽ ഏജൻസിക്ക് ഇതിന്റെ വിവരങ്ങൾ ലഭ്യമാക്കും. നോഡൽ ഏജൻസിയാണ് ഇവ പിടിച്ചെടുക്കുക. ഇൻകംടാക്സ്, എക്സൈസ്, ജി.എസ്.ടി തുടങ്ങി 22 നോഡൽ ഏജൻസികളാണ് ഇ.എസ്.എം.എസിൽ ഉൾപ്പെട്ടിട്ടുള്ളത്.
പോൾ മാനേജർ
പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനുകളിലെ എല്ലാ നടപടിക്രമങ്ങൾ മോണിറ്റർ ചെയ്യുന്നതിനും ഓരോ മണിക്കൂറുകളിലുമുള്ള പോളിംഗ് നില പോളിംഗ് ഉദ്യോഗസ്ഥർക്ക് അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള ആപ്ലിക്കേഷനാണ് പോൾ മാനേജർ. ഇത്തരത്തിൽ പോളിംഗ് ഉദ്യോഗസ്ഥർ ആപ്പിലൂടെ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ ആർ.ഒ, ഡി.ഇ.ഒ, സി.ഇ.ഒ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും നിരീക്ഷിക്കാൻ സാധിക്കും. പോളിംഗ് ടീം വിതരണ കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്നത് മുതൽ തിരിച്ച് എത്തുന്നത് വരെയുള്ള സമയത്തിനിടയിൽ 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിംഗ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആപ്പിലൂടെ വിവരങ്ങൾ സമയബന്ധിതമായി രേഖപ്പെടുത്തേണ്ടത്.