വനിതാ കമ്മിഷൻ അദാലത്ത് : 42 കേസുകൾ പരി​ഗണിച്ചു

Spread the love

സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വനിത കമ്മിഷന്‍ ശക്തമായി ഇടപെടുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച് ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. സമൂഹത്തെ ബോധവത്ക്കരിക്കുന്നതിന്റെ ആദ്യപടിയായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവത്ക്കരണം വനിതാ കമ്മിഷന്‍ നല്‍കി വരുന്നുണ്ട്.

കലാലയ ജ്യോതി, ഉണര്‍വ്, പ്രീമാരിറ്റല്‍ കൗണ്‍സിലിങ്, ഫേസ് ടു ഫേസ് തുടങ്ങിയ പരിപാടികളിലൂടെ ലിംഗസമത്വത്തെക്കുറിച്ചുള്ള ബോധവത്ക്കരണം യുവതലമുറയ്ക്ക് നല്‍കി വരുകയാണെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

കുടുംബപ്രശ്‌നങ്ങള്‍, വസ്തു സംബന്ധമായ പ്രശ്‌നങ്ങള്‍, കൗണ്‍സിലിങ് ആവശ്യമായ കേസുകള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് ജില്ലാതല അദാലത്തില്‍ പരിഗണിച്ചത്. ഒന്‍പതു കേസുകള്‍ തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ കൗണ്‍സിലിങ് നല്‍കാന്‍ തീരുമാനിച്ചു. ബാക്കി 30 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ആകെ 42 കേസുകളാണ് പരിഗണനയ്ക്കു വന്നത്. അഭിഭാഷക സി. രമിക, കൗണ്‍സിലര്‍മാരായ പി. ജിജിഷ, പി. ബിന്ദ്യ, സി.പി.ഒമാരായ മായ, നിരോഷ, കമ്മിഷന്‍ ഉദ്യോഗസ്ഥനായ ബൈജു ശ്രീധരന്‍, ജി. ശ്രീഹരി എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *